KERALAMLATEST NEWS

വിവാഹമോചനം നേടാതെ അകന്നു കഴിഞ്ഞാൽ പട്ടയം ഇരുവർക്കും

തിരുവനന്തപുരം: ഭൂപതിവ് ചട്ടപ്രകാരം കൈവശ ഭൂമിക്ക് അപേക്ഷിച്ചിട്ടുള്ള ദമ്പതികൾ വിവാഹ മോചിതരാവാതെയാണ് വേർപിരിഞ്ഞ് കഴിയുന്നതെങ്കിൽ, ഇരുവരുടെയും പേരിലേ പട്ടയം അനുവദിക്കൂ എന്ന് സർക്കാർ വ്യക്തമാക്കി. ഇത്തരം കേസുകളിൽ വ്യക്തത തേടി ജില്ലാ കളക്ടർമാർ ലാൻഡ് റവന്യൂ കമ്മിഷണർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം.നിയമപരമായി വിവാഹം വേർപെടുത്തുംവരെ ഭാര്യാഭർത്താക്കന്മാരായേ കണക്കാക്കൂ.

ഭൂമി പതിവ് ചട്ടങ്ങളിൽ 2009- ൽ കൊണ്ടുവന്ന ഭേദഗതിയെ തുടർന്നാണ് അപേക്ഷിക്കുന്ന വ്യക്തി വിവാഹിതനോ/വിവാഹിതയോ ആണെങ്കിൽ രണ്ട് പേരുടെയും കൂട്ടായ പേരിൽ മാത്രം പട്ടയം അനുവദിക്കാൻ വ്യവസ്ഥ കൊണ്ടുവന്നത്. അതിനുമുമ്പ് അപേക്ഷിക്കുന്ന വ്യക്തിയുടെ(ഭാര്യ/ഭർത്താവ്) പേരിൽ മാത്രമാണ് പട്ടയം അനുവദിച്ചിരുന്നത്.

സ്ഥലം ഭാഗംവയ്ക്കുകയോ, കൈമാറുകയോ ചെയ്യുമ്പോൾ, തർക്കങ്ങൾ ഒഴിവാക്കാനാണ് ഭേദഗതി കൊണ്ടുവന്നത്. നഗരസഭാ പരിധിയിൽ 1995-ലെ ചട്ടവും പഞ്ചായത്ത് പരിധിയിൽ 1964 -ലെ ചട്ടവുമാണ് ഭേദഗതി ചെയ്തത്. പട്ടയത്തിൽ ഇരുവരുടെയും ഫോട്ടോ പതിക്കണമെന്നും ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

#ഭൂപതിവ് ചട്ടഭേദഗതി

ഇന്ന് മന്ത്രിതലയോഗം

1960-ലെ കേരള ഭൂപതിവ് നിയമഭേദഗതിയെ തുടർന്നുള്ള ചട്ടങ്ങളിലെ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. റവന്യൂ, വ്യവസായ, ധനകാര്യ മന്ത്രിമാരും പങ്കെടുക്കും.


Source link

Related Articles

Back to top button