ഗ്രാമ്പിയിലിറങ്ങിയ കടുവക്കായി തെരച്ചിൽ തുടരുന്നു; വനംവകുപ്പിനെതിരെ നാട്ടുകാർ രഗംത്ത്

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിലിറങ്ങിയ കടുവക്കായുള്ള തെരച്ചിൽ ദൗത്യം തുടരുകയാണ്. മൂന്ന് സംഘമായി തിരിഞ്ഞാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. ആദ്യ രണ്ട് സംഘത്തിൽ സ്നിഫർ ഡോഗും വെറ്റിനറി ഡോക്ടർമാരുമാണ് ഉള്ളത്. കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമമാണ് നടക്കുന്നത്. ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഇന്ന് രാവിലെ ആറ് മണി മുതൽ വെെകുന്നേരം ആറ് മണിവരെയാണ് നിരോധനാജ്ഞ. രാവിലെ ഡ്രോൺ നിരീക്ഷണത്തിൽ കടുവയെ കണ്ടെത്തിയില്ല. ഇന്നലെയുണ്ടായിരുന്ന സ്ഥലത്ത് നിന്ന് കടുവ മാറിയിട്ടുണ്ടെന്നാണ് വിവരം. മയക്കുവെടി വച്ച് കടുവയെ പിടികൂടി തേക്കടിയിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം. കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്.
ഇടത് വശത്തെ പിൻകാലിന് പരിക്കേറ്റിട്ടുണ്ട്. ഗ്രാമ്പി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപമായിരുന്നു കടുവ ഇറങ്ങിയത്. ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തേയില തോട്ടത്തിനരികിൽ നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹരിലാലിന്റെ നേതൃത്വത്തിലുള്ള 15 അംഗ ആർ.ആർ.ടി. ടീം സ്ഥലത്തെ ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം, കടുവയെ പിടികൂടാത്തതിൽ വനംവകുപ്പിനെതിരെ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. കടുവയെ നിരീക്ഷിക്കുന്നതിൽ വനംവകുപ്പ് വീഴ്ച വരുത്തിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അനുകൂല സാഹചര്യം ഉണ്ടായിട്ടും ഇന്നലെ കടുവയെ പിടികൂടിയില്ലെന്നും ഉടൻ പിടികൂടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും നാട്ടുകാർ പറഞ്ഞു.
Source link