സംസ്ഥാന പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മാപ്പിളപ്പാട്ട് കലാകാരൻ മരിച്ചു

കണ്ണൂർ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാപ്പിളപ്പാട്ട് കലാകാരൻ മരിച്ചു. ഉളിയിൽ സ്വദേശി ഫൈജാസാണ് മരിച്ചത്. മൈസൂർ സംസ്ഥാന പാതയിലായിരുന്നു അപകടം സംഭവിച്ചത്. ചക്കരക്കല്ല് സ്വദേശികൾ സഞ്ചരിച്ച കാറും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫൈജാസ് സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഫൈജാസ് സഞ്ചരിച്ച കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഫൈജാസിനെ പൊലീസും ഫയർഫോഴ്സും എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനോടുവിലാണ് പുറത്തെടുത്തത്. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചക്കരക്കല്ല് സ്വദേശികൾ സഞ്ചരിച്ച കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പതിവായി അപകടങ്ങൾ നടക്കുന്ന മേഖലയാണിത്. കീഴൂർക്കുന്നിനും പുന്നാടിനുമിടയിൽ നേരെയുള്ള റോഡും ഇറക്കവുമാണ്. ഇവിടെ വാഹനങ്ങൾ അമിത വേഗതയിലാണ് സഞ്ചരിക്കാറുള്ളതെന്നാണ് റിപ്പോർട്ട്. ഇതിന് മുൻപും പ്രദേശത്തുണ്ടായ അപകടങ്ങളിൽ മരണം സംഭവിച്ചിട്ടുണ്ട്.
Source link