‘മദ്യപിച്ചിട്ടില്ല, എന്റെ തെറ്റ്’; രക്ഷിത്തുമായി തെളിവെടുപ്പ്, പ്രതിഷേധം; കഴിഞ്ഞ മാസവും കേസ്, അന്ന് മാപ്പെഴുതി വിട്ടയച്ചു

വഡോദര ∙ ഒരു സ്ത്രീ കൊല്ലപ്പെടുകയും 4 പേർക്കു പരുക്കേൽക്കുകയും ചെയ്ത വാഹനാപകട കേസിലെ പ്രതിയായ യുവാവിനെതിരെ വ്യാപക പ്രതിഷേധം. മാർച്ച് 13ന് വഡോദരയിലെ കരേലിബാഗ് പ്രദേശത്തു രക്ഷിത് ചൗരസ്യ (20) അമിതവേഗത്തിൽ ഓടിച്ച കാർ 3 വാഹനങ്ങളിൽ ഇടിച്ചായിരുന്നു അപകടം. പ്രതിയെ അപകടസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച വിഡിയോകള്‍ പുറത്തുവന്നു. നടക്കാൻ സാധിക്കാതിരുന്ന പ്രതിയെ പൊലീസുകാര്‍ ഇരുവശത്തും താങ്ങിയെടുത്താണ് എത്തിച്ചത്.അപകടത്തിനു പിന്നാലെ കാറിൽനിന്ന് ഇറങ്ങിയശേഷം ‘ഒരു റൗണ്ട് കൂടി’, ‘നികിത’ തുടങ്ങിയ അവ്യക്തമായ വാക്കുകൾ ഇയാൾ വിളിച്ചുപറയുന്ന വിഡിയോ വൈറലായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നിയമവിദ്യാർഥിയായ രക്ഷിതിനെ അറസ്റ്റ് ചെയ്ത പൊലീസ്, മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണു കേസെടുത്തത്. ഹോളിയുടെ തലേന്നു വൈകുന്നേരം മകൾക്കു നിറങ്ങൾ വാങ്ങാൻ ഭർത്താവ് പുരവിനൊപ്പം ഇറങ്ങിയ ഹേമാലി പട്ടേലാണ് (37) അപകടത്തിൽ മരിച്ചത്.രക്ഷിത് ഓടിച്ചിരുന്ന കാർ ഇവരുടെ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഹേമാലി സംഭവസ്ഥലത്തുതന്നെ മരിച്ചു, പുരവിന്റെ നില ഗുരുതരമാണ്. 2 ഇരുചക്ര വാഹനങ്ങളിൽ കൂടി കാറിടിച്ചിരുന്നു. താൻ മദ്യപിച്ചിരുന്നില്ലെന്നാണു രക്ഷിത് പൊലീസിനോടു പറഞ്ഞത്. ‘‘ഞങ്ങൾ സ്കൂട്ടറിന്റെ മുന്നിൽ പോകുകയായിരുന്നു. വലത്തേക്കു തിരിച്ചപ്പോൾ അവിടെ കുഴി കണ്ടു. കാർ തൊട്ടടുത്ത വാഹനത്തിൽ ഇടിച്ചു, എയർബാഗ് തുറന്നു, ഞങ്ങളുടെ കാഴ്ച തടസ്സപ്പെട്ടു, കാർ നിയന്ത്രണം വിട്ടു’’– രക്ഷിത് പറഞ്ഞു.
Source link