‘വിപ്ലവ ഗാനം ആലപിച്ചത് പ്രേക്ഷകർ ആവശ്യപ്പെട്ടിട്ട്, ദേവസ്വം പ്രസിഡന്റ് അല്ല എന്നെ പരിപാടി ഏൽപ്പിച്ചത്’

കൊല്ലം ∙ കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ വിപ്ലവ ഗാനം ആലപിച്ചത് കാണികൾ ആവശ്യപ്പെട്ടതിനാലെന്ന് ഗായകൻ അലോഷി. ശ്രോതാക്കൾ ആവശ്യപ്പെട്ട പാട്ട് പാടുന്നത് കലാകാരന്റെ ധർമ്മമാണെന്നും അതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐയുടെ പതാകയും എഴുത്തും പശ്ചാത്തലത്തിൽ വന്നതിനെ കുറിച്ച് അറിയില്ലെന്നും അലോഷി പറഞ്ഞു.‘‘ശ്രോതാക്കളുടെ ഇഷ്ടത്തിനു പാട്ടുപാടുന്ന ആളാണ് ഞാൻ. സാധാരണ എന്റെ പരിപാടികളിൽ വിപ്ലവ ഗാനങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെ ആളുകളുടെ ആവശ്യാർഥം പാടിയ ഒരു പാട്ടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ദേവസ്വം പ്രസിഡന്റല്ല എന്നെ പരിപാടി ഏൽപ്പിച്ചത്. വ്യാപാരികളുടെ ഒരു സംഘടനയാണ് പരിപാടി ഏൽപ്പിച്ചത്. വിപ്ലവ ഗാനം പാടാൻ കമ്മിറ്റിയുടെ നിർദേശം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ഉദ്ദേശ്യത്തോടെ പോയതുമല്ല. ആളുകളുടെ ആവശ്യത്തിന് അനുസരിച്ച് പാടുകയാണ് ഒരു കലാകാരന്റെ കടമ. അങ്ങനെ പാടിയെന്നെയുള്ളൂ.പശ്ചാത്തലത്തിൽ വന്നത് എന്താണെന്ന് ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഡിവൈഎഫ്ഐയുടെ കൊടിയും പതാകയുമൊക്കെയായിരിക്കും ഈ പാട്ടിന് അനുയോജ്യം എന്ന് അതിനു പിന്നിൽ പ്രവർത്തിച്ചവര്‍ വിചാരിച്ച് ഇട്ടതായിരിക്കും. ഞാൻ എന്റെ ഒരു ഫോട്ടോ മാത്രമേ അവർക്ക് കൊടുത്തിട്ടുള്ളൂ. വിവാദം ഉണ്ടാക്കുന്നവർ ഈ പാട്ടു കേട്ടിട്ടോ പരിപാടി കണ്ടിട്ടോ ഉണ്ടാവില്ല. കണ്ടിട്ടുണ്ടെങ്കിൽ ഇങ്ങനെ ഒരു അഭിപ്രായം ഉണ്ടാവില്ല. എല്ലാവരും താളം പിടിച്ച് എന്റെ കൂടെ പാട്ടൊക്കെ പാടിയിട്ടാണു വീട്ടിൽ പോയത്’’ – അലോഷി പറഞ്ഞു.
Source link