ഭീകരതയെ പിന്തുണച്ചെന്ന് ആരോപണം, തടവറയിലാക്കാൻ US ഭരണകൂടം; ഇന്ത്യക്കാരി രക്ഷപ്പെട്ടത് കാനഡയിലേക്ക്

‘എട്ട് ദിവസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഒരു വെള്ളിയാഴ്ചയാണ് ആദ്യമായി മൂന്നുപേരടങ്ങുന്ന ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ എന്റെ റൂമിന്റെ വാതിലില്‍ മുട്ടുന്നത്. പക്ഷെ, വാതില്‍ തുറന്നില്ല. അടുത്തദിവസം രാവിലെ അവര്‍ വീണ്ടുമെത്തി. അതിനുമുമ്പുതന്നെ തന്റെ പൂച്ചക്കുട്ടിയെ സുഹൃത്തിനെ ഏല്‍പ്പിച്ച് കൈയില്‍ കിട്ടിയതൊക്കെ വാരിക്കെട്ടി ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍നിന്ന് കാനഡയ്ക്കുള്ള വിമാനം പിടിച്ചു’- പലസ്തീന്‍ അനുകൂലിയെന്ന് ആരോപിച്ച് അമേരിക്കന്‍ ഭരണകൂടം വീസ റദ്ദാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടന്നുപോയിട്ടുള്ള അനുഭവങ്ങളാണിവ.രഞ്ജനി ശ്രീനിവാസന്‍ സ്വന്തം രാജ്യമായ ഇന്ത്യയിലേക്ക് എത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കാനഡയിലേക്കാണ് പോയതെന്ന് രഞ്ജനി വെളിപ്പെത്തിയത്. അമേരിക്കയില്‍ തുടരാനുള്ള സാഹചര്യം ഇല്ലാതായതോടെ ആഭ്യന്തരസുരക്ഷാവകുപ്പിന്റെ സിബിപി ആപ്പ് ഉപയോഗിച്ച് രാജ്യംവിടാനുള്ള സന്നദ്ധത ഇവര്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതി ഇന്ത്യയിലേക്കാണ് പോയതെന്നായിരുന്നു വിലയിരുത്തലുകള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താന്‍ അനുഭവിക്കുന്ന കാര്യങ്ങളും രഞ്ജനി ന്യൂയോര്‍ക്ക് ടൈംസുമായി പങ്കുവെച്ചിരുന്നു.
Source link