‘കേസ് ജീവിതം തന്നെ തകർത്തു’; പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി ഷീല സണ്ണി

കൊച്ചി: വ്യാജ എൽഎസ്‌ഡി കേസിൽ കുറ്റാരോപിതയായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. തനിക്കാവുന്ന കാര്യങ്ങൾ പൊലീസിനോട് പറഞ്ഞുവെന്നും കേസിൽ എക്‌സെെസിന് പങ്കുണ്ടെന്നും ഷീല സണ്ണി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടാതെ കേസ് കാരണം തന്റെ ജീവിതം തന്നെ തകർന്നുവെന്നും അവർ വ്യക്തമാക്കി.
‘നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഞാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. 72 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കേസ് കാരണം എന്റെ ജീവിതം തകർന്നു. ബ്യൂട്ടി പാർലറിലെ വരുമാനം കൊണ്ടാണ് ജീവിച്ചത്. ആ സംരംഭം മുന്നോട്ട് കൊണ്ടുപോകാനായില്ല. കേസിൽ എന്റെ നിരപരാധിത്വം തെളിഞ്ഞിട്ടും ബന്ധുക്കളായ പലരും തന്നെ ഇപ്പോഴും സംശയത്തോടെയാണ് കാണുന്നത്. വിളിച്ചിട്ട് ഒരു സമാധാന വാക്ക് പോലും പറയാത്ത കുറെപ്പേരുണ്ട്.’,- ഷീല സണ്ണി പറഞ്ഞു.
കേസിൽ അന്വേഷണം ആരംഭിച്ചെന്നും കൂടുതൽ പ്രതികൾ ഉണ്ടാകുമോയെന്ന് മൊഴി പരിശോധിച്ച ശേഷമേ പറയാൻ കഴിയൂവെന്നും പ്രത്യേക അന്വേഷണ സംഘത്തലവൻ ഡിവെെഎസ്പി വി കെ രാജു പറഞ്ഞു. ഹെെക്കോടതി നിർദേശപ്രകാരമാണ് കേസ് കേരളാ പൊലീസിന് കെെമാറിയത്. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം. ഷീല സണ്ണിക്കെതിരെ നടന്ന ഗുഢാലോചന ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. 2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്നും ബാഗിൽ നിന്നും എൽഎസ്ഡി സ്റ്റാമ്പുകളെന്നുപറയുന്ന വസ്തുക്കൾ പിടികൂടിയത്. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലിൽ കഴിഞ്ഞു. പിന്നീട് നടത്തിയ രാസപരിശോധനയിൽ വ്യാജ ലഹരിയാണെന്ന് വ്യക്തമാതോടെ ഷീലയെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കി.
ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വച്ചശേഷം അക്കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി ലിവിയ ജോസിന്റെ സുഹൃത്തുമായിരുന്നു നാരായണ ദാസ്.
ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ വാഹനത്തിൽ വച്ചശേഷം നാരായണ ദാസ് വിവരം എക്സൈസിന് നൽകിയത്. മെഡിക്കൽ എക്‌സാമിനറുടെ പരാതിയിൽ ഇത് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഈ വിവരം മറച്ചുവച്ചു. റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി.
സംഭവത്തിൽ പ്രതിയായ നാരായണദാസിന്റെ മുൻകൂർ ജാമ്യം സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു. കോടതിയിൽ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ഉണ്ടായി. പ്രതിയല്ലാത്ത ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലിൽ കഴിഞ്ഞു. എന്നാൽ, നാരായണ ദാസ് 72 മണിക്കൂർ പോലും ജയിലിൽ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Source link