3 മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് പിതാവ്

റാഞ്ചി∙ ജാർഖണ്ഡിലെ ഗിരിദ് ജില്ലയിൽ മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. അഫ്രീൻ പർവീൺ (12), സൈബ നാസ് (8), സഫാൽ അൻസാരി (6) എന്നിവരാണ് കൊല്ലപ്പെട്ടത്. 36 കാരനായ സനൗൾ അൻസാരിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്നു പുലർച്ചെ 3 മണിയോടെയാണ് സംഭവം. നോമ്പിന് മുന്നോടിയായുള്ള അത്താഴം കഴിക്കേണ്ട സമയത്ത് സനൗളിന്റെ വീട്ടിൽ അനക്കമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ വാതിൽ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു ഖോഖര പൊലീസ് സ്ഥലത്തെത്തി പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. സനൗൾ ആത്മഹത്യ ചെയ്യുന്നതിനു മുൻപ് കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവിരം. സംഭവം നടക്കുന്ന സമയത്തു സനൗളിന്റെ ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല. രണ്ട് ദിവസം മുൻപ് ഇവർ ജാംധയിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നു. കൊലപാതകങ്ങൾക്കു പിന്നിലെ കാരണം വ്യക്തമല്ല. സനൗളിന്റെ ഭാര്യയെയും മറ്റു കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തുവരുന്നതായി പൊലീസ് അറിയിച്ചു.
Source link