ജെന്നി യാത്രയായി, മഗ്ദയെ തനിച്ചാക്കി

മോസ്‌കോ: 25 വർഷത്തിലേറെ കാലം അവർ ഒരുമിച്ചായിരുന്നു. സർക്കസ് കൂടാരത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും മുന്നിൽ അഭ്യാസ പ്രകടനങ്ങൾ കാഴ്ചവച്ച് ജീവിക്കുമ്പോഴും പുറംലോകത്തെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് കൂടിനുള്ളിൽ ജീവിക്കേണ്ടി വന്നപ്പോഴും മഗ്ദയ്ക്ക് സന്തോഷം കൂട്ടുകാരി ജെന്നി ആയിരുന്നു. ഒടുവിൽ മഗ്ദയെ തനിച്ചാക്കി ജെന്നി ഈ ലോകത്ത് നിന്ന് വിടപറഞ്ഞിരിക്കുന്നു. സർക്കസ് ആനകളായിരുന്നു ജെന്നിയും മഗ്ദയും. റഷ്യയിലാണ് 25 വർഷത്തിലേറെ കാലം ഇരുവരും ഒരുമിച്ച് കഴിഞ്ഞത്. 2021ൽ കസാനിൽ ഒരു സർക്കസ് പരിപാടിക്കിടെ ഇരുവരും ഒന്ന് ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതിന് ശേഷം സർക്കസിൽ നിന്ന് വിരമിച്ച് ക്രൈമിയയിലെ ടൈഗാൻ സഫാരി പാർക്കിൽ വിശ്രമജീവിതത്തിലായിരുന്നു ഇരുവരും. കഴിഞ്ഞ ആഴ്ച ജെന്നി ചരിയുന്നത് വരെ ഏറെ സന്തോഷത്തോടെയാണ് ഇരുവരും കഴിഞ്ഞത്. പ്രായാധിക്യം മൂലമുള്ള അസുഖമാണ് ജെന്നിയുടെ ജീവനെടുത്തത്. നിലത്ത് ജീവനറ്റ് കിടക്കുന്ന ജെന്നിയെ എഴുന്നേൽപ്പിക്കാൻ മഗ്ദ ശ്രമിക്കുന്നതിന്റെ വേദനിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ജെന്നിയ്ക്കരികിൽ മണിക്കൂറുകളളോളം നിലയുറപ്പിച്ച മഗ്ദ, മറ്റാരെയും ജെന്നിയുടെ അരികിലേക്ക് വരാനും അനുവദിച്ചില്ല. ജെന്നിയെ തുമ്പികൈ കൊണ്ട് കെട്ടിപ്പിടിച്ച് വേദനയോടെ തലതാഴ്ത്തി നിന്ന മഗ്ദ പാർക്കിലെ ജീവനക്കാരെ കണ്ണീരണിയിച്ചു.
Source link