KERALAM

ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ കനത്ത ബോംബാക്രമണം, ഇറാനും ശക്തമായ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കുനേരെ കനത്ത ബോംബാക്രമണം നടത്തി അമേരിക്ക. ചെങ്കടലിൽ കപ്പലുകൾക്ക് നേർക്ക് ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് സൈനിക നടപടി ആരംഭിച്ചതെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. തലസ്ഥാനമായ സനയിലാണ് ആക്രമണം നടത്തിയത്. ഇവിടെ ഒൻപതുപേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രണ്ടാംതവണയും ട്രംപ് അമേരിക്കൻ പ്രസിസന്റായശേഷം മദ്ധ്യപൂർവദേശത്ത് നടത്തുന്ന ഏറ്റവും വലിയ അമേരിക്കൻ സൈനിക നടപടിയാണ് ഇപ്പോഴത്തേത്.

ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിച്ചില്ലെങ്കിൽ വൻ ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഹൂതികൾക്ക് നൽകുന്ന പിന്തുണ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു. ഹൂതികളെ പൂർണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ‘ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നത് വരെ ഞങ്ങൾ മാരകമായ ശക്തി പ്രയോഗിക്കും’ എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അമേരിക്കയെ ഭീഷണിപ്പെടുത്തിയാൽ തുടർന്നുള്ള ഭവിഷ്യത്തുകൾക്ക് ഇറാൻ മാത്രമായിരിക്കും ഉത്തരവാദി എന്നും ട്രംപ് വ്യക്തമാക്കി. അടുത്തിടെ ഇറാനുമായി ആണവ കരാറിനെക്കുറിച്ച് ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് സ്വരം മാറിയത്.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണങ്ങളിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റേത് ഉൾപ്പെടെയുള്ള കപ്പലുകളെ ആക്രമിക്കുന്നതെന്നാണ് ഹൂതികൾ പറയുന്നത്. രണ്ടുവർഷത്തിനിടെ കപ്പലുകളെ മാത്രം ലക്ഷ്യമിട്ട് ഹൂതികൾ നൂറിലധികം ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.


Source link

Related Articles

Back to top button