KERALAMLATEST NEWS

ആക്രിക്കാരൻ മാലിന്യക്കൂനയിൽ ഉപേക്ഷിച്ചു മെഡി. കോളേജിൽ കാണാതായ ശരീര ഭാഗങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കാണാതായ രോഗികളുടെ ശരീര ഭാഗങ്ങൾ ക്യാമ്പസിലെ മാലിന്യക്കൂനയിൽ കണ്ടെത്തി. പ്ലാസ്റ്റിക് ടിന്നുകളിൽ സൂക്ഷിച്ചിരുന്ന സാമ്പിളുകൾ മാലിന്യക്കൂനയിൽ ഉപേക്ഷിച്ച ഉത്തർപ്രദേശ് സ്വദേശിയായ ആക്രിക്കാരനെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഹൗസ് കീപ്പിംഗ് ജീവനക്കാരനായ അജയകുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

ഇന്നലെ രാവിലെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത 17 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്കായി പത്തോളജി വിഭാഗത്തിലേക്ക് കൊണ്ടുപോയത്. ചെറിയ പ്ലാസ്റ്റിക് ടിന്നുകളിൽ ബക്കറ്റിലാണ് സാമ്പിളുകൾ കൊണ്ടുവന്നത്. ഇവ പത്തോളജി വിഭാഗത്തിന് മുന്നിലെ പടിക്കെട്ടിൽ അലക്ഷ്യമായി വച്ചശേഷം ജീവനക്കാരൻ മറ്റൊരു ഡിപ്പാർട്ട്‌മെന്റിലേക്ക് പോയി. തിരികെ വന്ന് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെടുന്നത്.

പത്തോളജി വിഭാഗത്തിലെ ജീവനക്കാരാണ് പരിസരത്തുണ്ടായിരുന്ന ആക്രിക്കാരനെക്കുറിച്ച് സൂചന നൽകിയത്. തുടർന്ന് അയാളെ കണ്ടെത്തി ചോദ്യം ചെയ്തതോടെ ക്യാമ്പസിലെ പാഴ് വസ്തുക്കൾ ഉപേക്ഷിക്കുന്ന സ്ഥലത്ത് നിന്ന് സാമ്പിളുകൾ കണ്ടെത്തുകയായിരുന്നു. ഇയാൾ പ്ലാസ്റ്റിക് കണ്ടെയ്നറുകൾ തുറന്ന് നോക്കിയപ്പോൾ ശരീര ഭാഗമാണെന്ന് മനസിലായതോടെ പേടിച്ച് ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു. അജയകുമാറിനെയും പൊലീസ് ചോദ്യം ചെയ്യും.

സാമ്പിളുകൾ സുരക്ഷിതം

ഫോർമാലിൻ ലായനിയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ സാമ്പിളുകളും തിരികെ ലഭിച്ചതായി പത്തോളജി വിഭാഗം മേധാവി അറിയിച്ചു. സാമ്പിളുകളെല്ലാം സുരക്ഷിതമാണെന്നും അറിയിച്ചു. തുടർ പരിശോധനയ്‌ക്കോ മറ്റ് ആവശ്യങ്ങൾക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.


Source link

Related Articles

Back to top button