‘മോദി അടക്കമുള്ളവർ ആ ടെന്റുകളും കുഴികളും കാണരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു; അവരെ വഴി തിരിച്ചുവിട്ടു’

വാഷിങ്ടൻ∙ യുഎസ് സന്ദർശനത്തിന് എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോക നേതാക്കൾ വാഷിങ്ടനിലെ ഫെഡറൽ കെട്ടിടങ്ങൾക്ക് സമീപമുള്ള ടെന്റുകളും ചുവരെഴുത്തുകളും കുഴികളും കാണരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനാൽ യുഎസ് തലസ്ഥാനമായ വാഷിങ്ടൻ വൃത്തിയാക്കാൻ ഉത്തരവിട്ടെന്നും അദ്ദേഹം പറഞ്ഞു.‘‘ഞങ്ങൾ ഞങ്ങളുടെ നഗരം വൃത്തിയാക്കുന്നു. മഹത്തായ തലസ്ഥാനം വൃത്തിയാക്കുന്നു. ഞങ്ങൾ കുറ്റകൃത്യങ്ങൾ ചെയ്യില്ല. കുറ്റകൃത്യങ്ങൾക്കായി നിലകൊള്ളുകയുമില്ല. ഞങ്ങൾ ചുവരെഴുത്തുകൾ നീക്കം ചെയ്യും. ഇതിനകം ടെന്റുകൾ നീക്കം ചെയ്യാൻ തുടങ്ങി.’’– നീതിന്യായ വകുപ്പിൽ നടത്തിയ പ്രസംഗത്തിനിടെ ട്രംപ് പറഞ്ഞു. തലസ്ഥാന നഗരം മനോഹരമാക്കിയെന്ന് വാഷിങ്ടൻ മേയർ മുരിയൽ ബൗസറെ ട്രംപ് അഭിനന്ദിച്ചു. ‘‘സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് എതിർവശത്ത് ടെന്റുകൾ ഉണ്ടായിരുന്നു. അവ നീക്കം ചെയ്യണം എന്ന് പറഞ്ഞു. അവർ ഉടൻ തന്നെ അവ നീക്കം ചെയ്തു. ഇതുവരെ എല്ലാം നന്നായി പോകുന്നു. ലോകം മുഴുവൻ സംസാരിക്കുന്ന ഒരു തലസ്ഥാനം ഞങ്ങൾക്ക് വേണം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ്, ബ്രിട്ടിഷ് പ്രധാനമന്ത്രി എന്നിവരെല്ലാം എന്നെ കാണാൻ വന്നു. അവർ വന്നപ്പോൾ എനിക്കു വഴി തിരിച്ചുവിടേണ്ടി വന്നു. കാരണം ടെന്റുകളും ചുവരെഴുത്തുക്കളും റോഡിലെ കുഴിയും അവർ കാണുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. നമ്മൾ അതു ഭംഗിയാക്കി.’’ – ട്രംപ് കൂട്ടിച്ചേർത്തു.
Source link