വേങ്ങൂരിൽ കുട്ടിയാന കിണറ്റിൽ വീണു; രക്ഷാശ്രമത്തിനിടെ ആനക്കൂട്ടം പ്രദേശവാസിയുടെ ബൈക്ക് തകർത്തു

പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ പ്ളാമുടി കുറുവാനപ്പാറയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാന കിണറ്റിൽ വീണു. കിണറിന്റെ വശം ഇടിച്ച് കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആനക്കൂട്ടം വനംവകുപ്പ് ജീവനക്കാർക്കും നാട്ടുകാർക്കും നേരെ തിരിഞ്ഞു. വനം വകുപ്പിന്റെ ജീപ്പ് മറിച്ചിടാൻ ശ്രമിച്ച ആനകൾ ഒരു ബൈക്ക് തകർത്തു. ആർക്കും പരിക്കില്ല.
മേയ്‌ക്കപ്പാല സൂര്യഗ്രഹണം റോഡിലുള്ള വളപ്പിലെ കിണറ്റിലാണ് കുട്ടിയാന വീണത്. വനം വകുപ്പും നാട്ടുകാരും ചേർന്ന് കിണറിടിച്ച് കുട്ടിയാനയെ രക്ഷിച്ച് കാട്ടാനക്കൂട്ടത്തോടൊപ്പം കാട്ടിലേക്ക് വിട്ടു.
ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് സംഭവം. 17 ആനകൾ കൂട്ടത്തിലുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
മണിക്കൂറുകളോളം മേയ്‌ക്കപ്പാല ഗ്രാമവാസികളെ കാട്ടാനകൾ മുൾമുനയിൽ നിർത്തി. ഈ മേഖലയിൽ ആനയുടെ അതിക്രമം പതിവാണ്. വേനൽക്കാലത്ത് 40 ആനകൾ അടങ്ങുന്ന കൂട്ടം വരെ ജനവാസ മേഖലയ്‌ക്ക് അടുത്ത് എത്തിയിട്ടുണ്ട്.
വേങ്ങൂർ, കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലായി 9 കിലോമീറ്ററിലധികം വനാതിർത്തിയാണ്. കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിൽ ഇലക്ട്രിക് ഫെൻസിംഗ് പൂർത്തിയായതോടെ വേങ്ങൂർ പഞ്ചായത്തിന്റെ മേയ്ക്കപാല, പാണിയേലി, മുനിപ്പാറ, പാണംകുഴി, ക്രാരിയേലി, കൊമ്പനാട് ഭാഗങ്ങളിൽ ആനശല്യം കൂടി. വേങ്ങൂരിലും അടിയന്തരമായി ഫെൻസിംഗ് പൂർത്തിയാക്കണം.
ശില്പ സുധീഷ്
വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ്
Source link