കടിയിൽ വില്ലൻ വളർത്തുപൂച്ച, 2024ൽ കടിയേറ്റത് അഞ്ചു ലക്ഷത്തിലേറെ പേർക്ക്

കോലഞ്ചേരി: മനുഷ്യർക്ക് കൂടുതൽ കടിയേൽക്കുന്നത് വളർത്തുപൂച്ചകളിൽ നിന്ന്. 2024ൽ 5,02,402 പേർക്കാണ് പൂച്ചയുടെ കടിയേറ്റത്. 3,16,793 പേർക്ക് നായ്‌ക്കളുടെ കടിയുമേറ്റു. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവയ്പെടുക്കുന്നവരുടെ കണക്കാണിത്. യഥാർത്ഥ കണക്ക് ഇതിലേറെയാകും.
കൊവിഡിനു ശേഷം കൂടുതൽ പേർ പൂച്ചകളെ വളർത്താൻ തുടങ്ങിയതാണ് കടിയേൽക്കുന്നവരുടെ എണ്ണം കൂടാൻ കാരണമെന്ന് മൃഗസംരക്ഷണ വിദഗ്ദ്ധർ പറയുന്നു. 2014ൽ 94,971 പേർക്കാണ് പൂച്ചയുടെ കടിയേറ്റത്.
കടിയൻ നായ്‌ക്കളിൽ 95 ശതമാനവും വളർത്തുന്നവയാണ്. ലാളിക്കുമ്പോഴോ മരുന്ന് കൊടുക്കുമ്പോഴോ അറിയാതെ ഏൽക്കുന്ന ദംശനങ്ങളും പോറലുകളുമായാണ് വാക്‌സിനേഷനു വേണ്ടി അധികം പേരുമെത്തുന്നത്. ആക്രമിച്ച് കടിക്കുന്നത് കുറവാണ്.
തെരുവ് നായയാണോ വളർത്തുന്നവയാണോ കൂടുതൽ കടിക്കുന്നത് എന്നതിൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ കൃത്യമായ കണക്കില്ല. വളർത്തുമൃഗങ്ങൾക്ക് പുറമെ നീർനായ, കാട്ടുപൂച്ച, കുറുക്കൻ, വവ്വാൽ, മുയൽ, ആട് എന്നീ ജീവികളുടെ കടിയേറ്റാലും പേവിഷ വാക്സിൻ എടുക്കാറുണ്ട്.
വർഷം………….നായ കടിച്ചവർ……പൂച്ച കടിച്ചവർ………പേവിഷബാധയേറ്റ് മരിച്ചവർ
2020…………………..1,60,483………………2,25,154………………………………..05
2021…………………. 2,21,379………………3,37,008………………………………..11
2022…………………..2,88,866………………3,99,984………………………………..27
2023…………………..3,06,427………………4,77,946………………………………..25
2024…………………..3,16,793………………5,02,402………………………………..26
Source link