INDIALATEST NEWS

സൈബർ കുറ്റകൃത്യം: അതിവേഗ കോടതികൾ സ്ഥാപിക്കും


ന്യൂഡൽഹി ∙ സൈബർ കേസുകൾ തീർ‌പ്പാക്കുന്നതിനും നഷ്ടപ്പെട്ട പണം വേഗത്തിൽ തിരികെ ലഭിക്കാനും അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നു കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. തട്ടിയെടുക്കുന്ന തുക കണ്ടെത്താനായാലും നഷ്ടപ്പെട്ടയാൾക്കു തിരികെ കിട്ടാൻ വലിയ കാലതാമസം വരുന്നതു ചൂണ്ടിക്കാണിച്ച പാർലമെന്റിന്റെ ഐടി സ്ഥിരസമിതിക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യത്ത് 4 വർഷത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുകയിൽ 12% മാത്രമാണു കണ്ടെത്താനായതെന്നും ഇതിൽ വെറും 0.04% മാത്രമാണ് ഉടമകൾക്കു തിരികെ നൽകാനായതെന്നും ഐടി സ്ഥിരസമിതി റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാന ബാങ്കുകൾ, സാമ്പത്തിക ഇടനിലക്കാർ, പേയ്മെന്റ് ഗേറ്റ്‌വേകൾ, ടെലികോം സേവന ദാതാക്കൾ, ഐടി ഇടനിലക്കാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമനിർവഹണ ഏജൻസികൾ എന്നിവ ഒന്നിച്ച് സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനു സൈബർ തട്ടിപ്പ് ലഘൂകരണ കേന്ദ്രം (സിഎഫ്എംസി) സ്ഥാപിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. എൻഐഎയുടെയും സിബിഐയുടെയും മാതൃകയിൽ ദേശീയ തലത്തിൽ കേന്ദ്ര സൈബർ പൊലീസ് സേന രൂപീകരിക്കണമെന്നും അന്വേഷണപരിധി ഒരു സംസ്ഥാനത്തു മാത്രമായി പരിമിതപ്പെടുത്തരുതെന്നും സമിതി നിർദേശിച്ചെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല.


Source link

Related Articles

Back to top button