KERALAM

തെറ്റുചെയ്ത കുട്ടികളെ നേർവഴിക്ക് നയിക്കും: പോളി പ്രിൻസിപ്പൽ

കൊച്ചി: `ലഹരി വിപത്തിനെ ചെറുത്തുതോൽപ്പിക്കാനുള്ള കളമശേരി ഗവ. പോളിടെക്‌നിക്ക് കോളേജിന്റെ ‘വി ക്യാൻ’ ക്യാമ്പയിന്റെ ഭാഗം മാത്രമാണ് ഹോസ്റ്റലിലെ പൊലീസ് റെയ്ഡെന്ന് കളമശേരി ഗവ. പോളിടെക്‌നിക്ക് കോളേജ് പ്രൻസിപ്പൽ ഡോ. ഐജു തോമസ് കേരള കൗമുദിയോട് പറഞ്ഞു. അറസ്റ്റിലായ വിദ്യാർത്ഥികളെ അകറ്റി നിറുത്തി​ല്ല, അവരെ നേരിന്റെ പാതയിലേക്ക് കൈപിടിച്ച് നടത്തും. ഇവിടെ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്. അവരുടെ കുടുംബങ്ങളിൽ പല ബുദ്ധിമുട്ടുകളുമുണ്ട്.


• പൊലീസിന് കത്ത് നൽകിയത് ?

ഹോളി ആഘോഷത്തിന് ലഹരിമരുന്ന് ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അറിയിച്ചിരുന്നു. വസ്തുതയുണ്ടെന്ന് കണ്ടാണ് കത്ത് നൽകാൻ തീരുമാനിച്ചത്.

• കഞ്ചാവ് പിടികൂടുമെന്ന് കരുതിയോ ?
ചെറിയ അളവിൽ എന്തെങ്കിലും കിട്ടുമെന്നേ കരുതിയുള്ളൂ. പക്ഷേ രണ്ടു കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. മൂന്ന് വിദ്യാർത്ഥികളും രണ്ട് പൂർവ്വവിദ്യാർത്ഥികളും പിടിയിലായി. അവരെ പാടെ അകറ്റിക്കളയുകയില്ല. തെറ്റുകൾ തിരുത്തി നല്ലകുട്ടികളായി മാറ്റിയെടുക്കും.

• യൂണിയൻ ഭാരവാഹിയും പ്രതിയാണല്ലോ ?
ഒരാൾ തെറ്റുചെയ്തുവെന്ന് കരുതി കോളേജ് യൂണിയൻ ആകെ ഈ വിധമാണെന്ന മുൻവിധി പാടില്ല. കോളേജിലെ ലഹരിവരുദ്ധ ക്യാമ്പയിനിൽ മുന്നിൽ നിൽക്കുന്നത് യൂണിയനാണ്. വിദ്യാർത്ഥി സംഘടനകളും രംഗത്തുണ്ട്.

• ഹോസ്റ്റൽ വാർഡനും കൂടിയാണല്ലോ ?
ഹോസ്റ്റൽ ആകെ ലഹരി കച്ചവടം നടക്കുന്നുവെന്ന പ്രതീതിയാണിപ്പോൾ. അങ്ങനെയല്ല. ഒന്നോ രണ്ടോ കുട്ടികൾ തെറ്റു ചെയ്തുവെന്ന് മാത്രം. നല്ലനിലയിലാണ് ഹോസ്റ്റൽ പ്രവർത്തനം. ഡ്രോപ് ഔട്ടായവർ ഹോസ്റ്റലുകളിൽ എത്തുന്നുണ്ട്. പുറത്തുനിന്നുള്ളവരെ ഇനി അനുവദിക്കില്ല.

• കോളേജുതല അന്വേഷണം ?
നാളെ മുതൽ സമിതി അന്വേഷണം ആരംഭിക്കും. വൈകാതെ റിപ്പോർട്ട് നൽകും. ധീരമായ നടപടിയാണ് ഉണ്ടായതെന്നാണ് പി.ടി.എ അംഗങ്ങളിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ.


Source link

Related Articles

Back to top button