‘രന്യയ്ക്കു വിമാനത്താവളത്തിൽ എസ്കോർട്ട് ഒരുക്കിയത് വളർത്തച്ഛനായ ഡിജിപി പറഞ്ഞിട്ട്’: കളത്തിലേക്ക് ഇ.ഡി

ബെംഗളൂരു ∙ സ്വർണക്കടത്തിൽ അറസ്റ്റിലായ നടി രന്യ റാവുവിനെതിരെ ഇ.ഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹവാല ഇടപാട് നടന്നെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് റജിസ്റ്റർ ചെയ്ത ഇ.ഡി, ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. നടിയുടെയും രണ്ടാം പ്രതി തരുൺ രാജുവിന്റെയും സ്ഥാപനങ്ങളിൽ ഉൾപ്പെടെ പരിശോധന നടന്നു. 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണവുമായി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായ രന്യ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.നിലവിൽ ഡിആർഐയും സിബിഐയും കേസ് അന്വേഷിക്കുന്നുണ്ട്. രന്യയുടെ വളർത്തച്ഛനും ഡിജിപിയുമായ രാമചന്ദ്ര റാവുവിന്റെ നിർദേശപ്രകാരമാണ് വിമാനത്താവളത്തിൽ എസ്കോർട്ട് സംവിധാനം ഒരുക്കിയതെന്നു വിമാനത്താവള പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഡിആർഐയ്ക്കു മൊഴി നൽകി. വിമാനത്താവളത്തിൽനിന്നു വേഗത്തിൽ പുറത്തുകടക്കാൻ രന്യയെ സഹായിക്കണമെന്നു റാവു നിർദേശിച്ചതായാണ് വിവരം. എന്നാൽ, ഏറെനാളായി രന്യയുമായി ബന്ധമില്ലെന്നാണ് റാവു പറഞ്ഞത്.സിഐഡി അന്വേഷണം പിൻവലിച്ചു കേസിൽ പൊലീസിനു വീഴ്ച സംഭവിച്ചോയെന്നു കണ്ടെത്താൻ പ്രഖ്യാപിച്ച സിഐഡി അന്വേഷണം ആഭ്യന്തര വകുപ്പ് പിൻവലിച്ചു. സ്വർണക്കടത്തിൽ റാവുവിനു പങ്കുണ്ടോ എന്ന് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഒരേ കേസിൽ സമാന്തര അന്വേഷണം വേണ്ടെന്നതിനാലാണു നടപടിയെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.
Source link