തെരഞ്ഞെടുപ്പിലെ അപാകതകൾ പരിഹരിക്കാൻ യോഗം വിളിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉന്നതതലയോഗം വിളിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. വോട്ടർ തിരിച്ചറിയൽ കാർഡുകൾ ആധാർ കാർഡുകളുമായി ബന്ധിപ്പിക്കുന്ന വിഷയത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും നിയമനിർമാണ വകുപ്പ് സെക്രട്ടറിയെയും ആധാർ കാർഡ് നന്പറുകൾ പുറപ്പെടുവിക്കുന്ന യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) മേധാവിയെയും 18ന് നടക്കുന്ന യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തായിരിക്കും യോഗം നടക്കുന്നത്. വോട്ടർ പട്ടികയിലെ ക്രമക്കേടും വോട്ടർ കാർഡുകളിലെ ഇരട്ടിപ്പും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതിനു പിന്നാലെ അപാകതകൾ പരിഹരിക്കാൻ കമ്മീഷൻ നടപടി തുടങ്ങിയിരുന്നു.
വോട്ടർ കാർഡുകളിലെ ഇരട്ടിപ്പ് പരിഹരിക്കാൻ വോട്ടർമാർക്ക് സവിശേഷമായ വോട്ടർ കാർഡ് നന്പറുകൾ നൽകി വിഷയം മൂന്നു മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വോട്ടർ പട്ടിക ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണമെന്ന് കമ്മീഷൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് നിർദേശവും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.
Source link