സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച ദിവസം ആശമാർക്ക് ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ പരിശീലന പരിപാടി

തിരുവനന്തപുരം : തലസ്ഥാനത്ത് സമരം തുടരുന്ന ആശാ വർക്കർമാർ തിങ്കളാഴ്ച നടത്താനിരിക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാൻ സർക്കാരിന്റെ പുതിയ നീക്കം. സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച വിവിധ ജില്ലകളിൽ ആശമാർക്ക് ആരോഗ്യ വകുപ്പ് പരിശീലന പരിപാടി വച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശാ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്. എല്ലാ ആശാ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല് പ്രോഗ്രാം മാനേജർമാർ നോട്ടീസ് നൽകി.
കഴിഞ്ഞ ഒരു മാസത്തോളമായി ആശാ വർക്കാർമാർ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുകയാണ്. ഓണറേറിയം 7,000 രൂപ എന്നത് 21,000 രൂപയാക്കുക, അത് എല്ലാ മാസവും അഞ്ചിനു മുമ്പ് വിതരണം ചെയ്യുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക, പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ പ്രവർത്തകരുടെ സമരം.
അതേസമയം ആശാപ്രവർത്തകരുരെ സമരത്തിനെതിരെ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ രംഗത്തെത്തി. സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ നടത്തുന്ന സമരം അനാവശ്യമാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. സേവന മേഖലയിലായിരുന്നു ആശാ വർക്കർമാർ. ആദ്യം അവർക്ക് ഓണറേറിയം പോലും ഉണ്ടായിരുന്നില്ല. അവരുടെ വേതനവും ആനുകൂല്യവും വർദ്ധിപ്പിച്ച് 7000 രൂപയിലേക്ക് എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്നും ഇപി ജയരാജൻ പറഞ്ഞു . ദുഷ്ടബുദ്ധികളുടെ തലയിൽ ഉദിച്ച സമരമാണിത്. അതിന് രാഷ്ട്രീയ ഉദ്ദേശ്യമാണുള്ളത്. അവരെ തെറ്റിദ്ധരിപ്പിച്ച് സെക്രട്ടറിയേറ്റിന് മുമ്പിൽ കൊണ്ടുവന്നിരുത്തി അനാവശ്യ സമരമുണ്ടാക്കി ആ സ്ത്രീകളെ ബുദ്ധിമുട്ടിക്കുകയാണ്. അതുകൊണ്ട് അവർ എത്രയും പെട്ടെന്ന് ചെയ്യേണ്ടത്. ഈ സമരം അവസാനിപ്പിക്കുകയാണ്. ഞങ്ങൾ സമരത്തിന് എതിരല്ല. ആവശ്യമില്ലാത്ത സമയത്ത് നടത്തിയ ഈ സമരം രാഷ്ട്രീയ ലക്ഷ്യത്തോട് കൂടി ചിലരുടെ ബുദ്ധിയിൽ നിന്ന് ഉദിച്ചതാണ്. ആ സമരത്തെ ഞങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല’- ഇപി ജയരാജൻ പറഞ്ഞു.
Source link