ജുനൈദിന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശം, മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്

മലപ്പുറം: മഞ്ചേരിയിൽ അപകടത്തിൽപ്പെട്ട് വ്ലോഗർ ജുനൈദ് മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജുനൈദിന്റെ ശരീരത്തിൽ നിന്ന് മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. രക്തത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയക്കാനാണ് നിലവിലെ തീരുമാനം.
അപകടമുണ്ടായ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയും ശേഖരിക്കും. കഴിഞ്ഞ ദിവസമാണ് ജുനൈദ് മരണപ്പെട്ടത്. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിന്റെ ഭാഗമായി മലപ്പുറം സ്റ്റേഷനിൽ ഒപ്പിട്ട് വഴിക്കടവിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.
ഇതിനിടെ, അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തി. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനിൽക്കുമ്പോഴാണ് അയാൾ മരിച്ച് പോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ലെന്ന് സനൽകുമാർ ശശിധരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ചുനാൾ മുൻപ് ഒരു ബലാത്സംഗ പരാതിയിൽ ഇയാൾ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാൾക്കെതിരെയുണ്ടായ ഒരു ഹേറ്റ് കാമ്പെയിൻ ശ്രദ്ധിച്ചപ്പോൾ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാൾ വലിയ അളവിലുള്ളതാണെന്ന് തോന്നി. അയാളുടെ വ്‌ളോഗ് നോക്കാൻ വേണ്ടി കുറേ വാർത്തകൾ തപ്പി. ഒന്നിലും അയാളുടെ മുഴുവൻ പേരില്ല. ഏതാണ് അയാളുടെ വ്‌ളോഗ് എന്നില്ല. വ്‌ളോഗർ ജുനൈദ് അപകടത്തിൽ മരിച്ചു എന്ന് മാത്രം. അയാൾ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ അയാൾക്ക് കഴിയില്ല’- സനൽകുമാർ ശശിധരൻ കുറിച്ചു.
Source link