‘ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം’: പാക്ക് ആരോപണങ്ങൾക്കു ചുട്ടമറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി ∙ പാക്കിസ്ഥാനിലെ ആക്രമണങ്ങൾക്കു പിന്നില്‍ ന്യൂഡല്‍ഹിയാണെന്ന പാക്ക് ആരോപണങ്ങൾ തള്ളി ഇന്ത്യ. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണു പാക്കിസ്ഥാനെന്നു ലോകത്തിനാകെ അറിയാമെന്നും ഇന്ത്യ തിരിച്ചടിച്ചു. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ട്രെയിൻ റാഞ്ചിയ സംഭവത്തിനു പിന്നാലെയാണു പാക്കിസ്ഥാന്റെ ആരോപണമുണ്ടായത്.‘‘പാക്കിസ്ഥാന്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ശക്തമായി തള്ളിക്കളയുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്നു ലോകത്തിനാകെ അറിയാം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം സ്വന്തം പ്രശ്‌നങ്ങള്‍ക്കും പരാജയങ്ങള്‍ക്കും കാരണമെന്തെന്ന് അറിയാൻ പാക്കിസ്ഥാന്‍ അവരിലേക്കുതന്നെ നോക്കണം’’– വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുകയും അയല്‍രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നു പാക്കിസ്ഥാൻ ആരോപിച്ചതിലാണു കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.ട്രെയിൻ റാഞ്ചൽ ആസൂത്രണം ചെയ്തതു വിദേശത്താണെന്നു പാക്ക് വിദേശകാര്യ വക്താവ് ഷഫ്ഖാത്ത് അലി ഖാന്‍ പറഞ്ഞിരുന്നു. ബിഎല്‍എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്ന നയത്തില്‍ മാറ്റം വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നിഷേധിച്ചു. ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുവെന്നും പറഞ്ഞു. ‘‘ഞങ്ങളുടെ നയത്തില്‍ മാറ്റമില്ല, വസ്തുതകള്‍ മാറിയിട്ടില്ല. പാക്കിസ്ഥാനെതിരെ ഭീകരതയെ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. ഈ പ്രത്യേക സംഭവത്തില്‍ ഫോൺവിളികളുടെ തെളിവുകളുമുണ്ട്’’– ഷഫ്ഖാത്ത് അലി പറഞ്ഞു.
Source link