ഫാന്റസി കോമഡിയുമായി ജയസൂര്യ; താരത്തിന്റെ 106ാമത് ചിത്രത്തിനു തുടക്കം

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന ‘കത്തനാരി’നു വേണ്ടി മറ്റൊരു പ്രോജക്ടും ഏറ്റെടുക്കാതെ മനസ്സും ശരീരവും സമർപ്പിച്ച ജയസൂര്യ വീണ്ടും ക്യാമറക്കു മുന്നിലെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘കത്തനാറിന്റെ’ ചിത്രീകരണം പൂർണമായും പൂർത്തിയാക്കി, മറ്റൊരു കഥാപാത്രമാകാൻ സാവകാശത്തോടെ ഉൾക്കൊണ്ടു കൊണ്ടാണ് പുതിയ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ താരം ക്യാമറയ്ക്കു മുന്നിലെത്തിയത്. ജയസൂര്യ, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. താരത്തിന്റെ 106ാം ചിത്രമാണിത്.സൂപ്പർ ഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’നു ശേഷം നേരമ്പോക്ക് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയറ്ററിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ലളിതമായ ചടങ്ങിൽ സണ്ണി വെയ്ൻ സ്വിച്ചോൺ കർമ്മവും, സരിതാ ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു തുടക്കം.ജയസൂര്യ, വിനായകൻ കോംബോ പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകം സൃഷ്ടിക്കാൻ പോന്നതാണ്. ആ കൗതുകം നിലനിർത്തിക്കൊണ്ടുതന്നെയാണ് അണിയറ പ്രവർത്തകർ ഈ ചിത്രത്തെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങൾ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള മിഥുൻ മാനുവൽ തോമസ്, അദ്ദേഹത്തെ നായകനാക്കി നിർമിക്കുന്ന ആദ്യ ചിതം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
Source link