തമിഴ്നാടിന്റെ രൂപ ചിഹ്നം; ഒട്ടേറെ ചോദ്യചിഹ്നങ്ങൾ

കൊച്ചി ∙ സംസ്ഥാന ബജറ്റ് രേഖയിൽനിന്നു രൂപയുടെ അംഗീകൃത ചിഹ്നത്തെ പുറത്താക്കി തമിഴ്നാട് സർക്കാർ സ്വീകരിച്ച ചിഹ്നം ഇന്ത്യൻ കറൻസിക്കു ലോകമെങ്ങും നേടാൻ കഴിഞ്ഞ അംഗീകാരത്തിനെതിരായ ചോദ്യചിഹ്നമോ? വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ടവരിൽനിന്നുള്ള സന്ദേഹമാണിത്.ചിഹ്‌നം നിശ്‌ചയിക്കപ്പെട്ടിട്ടുള്ള നാണയങ്ങൾ ലോകത്തു നാലെണ്ണമേയുള്ളൂ: യുഎസ് ഡോളർ, യുകെയിലെ പൗണ്ട് സ്‌റ്റെർലിങ്, യൂറോപ്യൻ യൂണിയന്റെ യൂറോ, ജപ്പാനിലെ യെൻ എന്നിവ. ഇവയുടെ ഗണത്തിലാണ് ഇന്ത്യൻ രൂപയുടെ സ്‌ഥാനം. ചിഹ്‌നത്തിലൂടെ നേടിയ വ്യക്‌തിത്വം ബ്രിക്സ് രാജ്യങ്ങളുടെ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന) കറൻസികൾക്കിടയിലും രൂപയുടെ പദവിക്കു മാറ്റു കൂട്ടി.രൂപയ്‌ക്കു തനതായ ചിഹ്‌നം നിശ്‌ചയിച്ചത് ആഗോള വിപണിയിൽ ഇന്ത്യൻ കറൻസിയുടെ ബ്രാൻഡ് മൂല്യം വർധിപ്പിക്കാൻകൂടി ഉദ്ദേശിച്ചായിരുന്നു. ‘റിസർവ് കറൻസി’ എന്ന നിലയിൽ രാജ്യാന്തര തലത്തിൽ ഡോളറിനുള്ള പ്രാമുഖ്യം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുകയും ബ്രിക്സ് രാജ്യങ്ങൾ ഏകീകൃത കറൻസി ലക്ഷ്യമിടുകയും ചെയ്യുന്നതിനിടെ ഇന്ത്യയിൽനിന്നുതന്നെ അംഗീകൃത ചിഹ്നത്തിനെതിരായ നിലപാടുണ്ടാകുന്നത് അനുചിതമാണെന്നു സാമ്പത്തിക നിരീക്ഷകർക്കും അഭിപ്രായമുണ്ട്.
Source link