LATEST NEWS

പാതിവില തട്ടിപ്പ് കേസ്: കെ.എന്‍.ആനന്ദകുമാറിന് ഹൃദയധമനിയില്‍ ബ്ലോക്ക്, അടിയന്തര ശസ്ത്രക്രിയ നടത്തി


തിരുവനന്തപുരം∙ പാതിവില തട്ടിപ്പു കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍.ആനന്ദകുമാറിന് അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തി. ഹൃദയധമനിയില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദകുമാറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കേസില്‍ ആനന്ദകുമാറിനെ 26 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജിയില്‍ കോടതി ക്രൈംബ്രാഞ്ചിന് നോട്ടിസ് അയച്ചിരുന്നു. സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകളാണ് ആനന്ദകുമാറിനെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കേസിലെ കൂട്ടുപ്രതി അനന്തുകൃഷ്ണനില്‍നിന്നു 1.69 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി ആനന്ദകുമാര്‍ കൈപ്പറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കി. തുടര്‍ന്നാണു കേസില്‍ ആനന്ദകുമാറിനു പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന കണ്ടെത്തലോടെ കോടതി ജാമ്യാപേക്ഷ തള്ളിയത്. ആനന്ദകുമാര്‍, അനന്തുകൃഷ്ണന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും പ്രതികളായ 5 കേസുകള്‍ നിലവിലുണ്ട്. സംഭവത്തില്‍ ഒന്നും അറിയില്ലെന്നായിരുന്നു തട്ടിപ്പിന്റെ തുടക്കത്തില്‍ ആനന്ദകുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അനന്തുകൃഷ്ണനെപ്പോലെ തന്നെ ആനന്ദകുമാറിനും മുഖ്യപങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. രണ്ടായിരത്തോളം സംഘടനകളെ തട്ടിപ്പിലേക്ക് ആകര്‍ഷിച്ചതില്‍ അനന്തുകൃഷ്ണനെക്കാള്‍ പങ്ക് ആനന്ദകുമാറിനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.


Source link

Related Articles

Back to top button