തിരുവനന്തപുരം: പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ മന്ത്രി വീണാ ജോർജിനെ ക്ഷണിതാവാക്കിയതിന് എതിരെ പരസ്യ പ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം എ.പത്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറഞ്ഞു എന്നത് സംഘടനാപരമായി തെറ്റായ നിലപാടാണ്. ആ നിലപാട് സ്വീകരിച്ചവർ ആരൊക്കെയാണെങ്കിലും അവർക്കെതിരെ സംഘടന നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എത്ര വർഷക്കാലം പ്രവർത്തിച്ചു എന്നതല്ല, മെറിറ്റും മൂല്യവുമാണ് കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ മാനദണ്ഡമാക്കുന്നത്. കമ്മിറ്റികളിൽ പഴയ നേതാക്കളും പുതിയ നേതാക്കളും വേണം. മെറിറ്റും മൂല്യവും അടിസ്ഥാനപ്പെടുത്തി നവീകരിക്കുക എന്ന സമീപനമാണ് ബ്രാഞ്ചു മുതൽ സംസ്ഥാനതലം വരെയുള്ള കമ്മിറ്റികളിൽ സ്വീകരിച്ചത്.
52 വർഷം പാർട്ടിയിൽ പ്രവർത്തിച്ച ആളിന് മെറിറ്റും മൂല്യവും തിരിച്ചറിയാനായില്ലെങ്കിൽ അത് ആരുടെ തെറ്റാണന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് ഓരോരുത്തരും തിരിച്ചറിയേണ്ട കാര്യമാണെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഇത്തരത്തിൽ ബോദ്ധ്യപ്പെടാത്തവരെ പാർട്ടി ബോദ്ധ്യപ്പെടുത്തും.
‘പി.ജയരാജന്റെ കാര്യത്തിൽ
കൃത്യമായ ബോദ്ധ്യമുണ്ട്’
പി.ജയരാജനെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ഓരോരോ ആളെ നോക്കിയല്ല നിലപാട് സ്വീകരിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ മറുപടി നൽകി. ഈ വിഷയത്തിൽ ജനങ്ങൾക്കും പാർട്ടിക്കും കൃത്യമായ ബോദ്ധ്യമുണ്ട്. പ്രശ്നങ്ങളൊന്നും അവശേഷിക്കുന്നില്ല. അതെല്ലാം തീർത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്.
സ്വരാജ് പാർട്ടിയിൽ
കൂടുതൽ ശ്രദ്ധിക്കണം
എം.സ്വരാജിനെ കുറിച്ചുള്ള സംസ്ഥാന സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ടിലെ പരാമർശവും എം.വി.ഗോവിന്ദൻ സ്ഥിരീകരിച്ചു. അവയ്ലബിൾ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ കൂടുതൽ പങ്കെടുക്കണമെന്നുള്ളതു കൊണ്ടാണ് അങ്ങനെയൊരു പരാമർശം ഉൾപ്പെട്ടത്. പാർട്ടിയിൽ കൂടുതൽ ശ്രദ്ധിക്കണം. അവയ്ലബിൾ യോഗങ്ങളിലെല്ലാം പങ്കെടുക്കണം.
Source link