സഹപാഠിയുടെ ദുഃഖത്തിൽ അഖിലേഷ് കണ്ടുപിടിച്ചു ഇന്ത്യയുടെ ശ്രവണസഹായി

തിരുവനന്തപുരം: മൂന്നാം ക്ളാസിൽ പഠിക്കവേ,കേൾവിക്കുറവുള്ള സഹപാഠിയുടെ സങ്കടം കണ്ടുവളർന്ന പുനലൂർ സ്വദേശി അഖിലേഷ് രവീന്ദ്രൻ സ്വന്തം സങ്കേതികവിദ്യയിൽ ശ്രവണസഹായി നിർമ്മിച്ചു. അത് ഇന്ത്യയിലെ ആദ്യസാങ്കേതികവിദ്യയെന്ന സ്ഥാനവും നേടി.
പത്താം ക്ളാസ് കഴിഞ്ഞ് നാഗർ കോവിലിൽ പോളിടെക്നിക്ക് പഠനത്തിന് പോയെങ്കിലും സഹപാഠിയുടെ മുഖമായിരുന്നു മനസിൽ. തന്റെ വഴി ഇതല്ലെന്ന് തിരിച്ചറിഞ്ഞ് പഠനം പാതിവഴിയിലുപേക്ഷിച്ച് ഭിന്നശേഷിക്കാർക്കായി ഗവേഷണത്തിനിറങ്ങി . കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൺവയോൺമെന്റ് (കെ.എസ്.സി.എസ്.ടി.ഇ) പിന്തുണ നൽകുകയും ഗ്രാന്റ് അനുവദിക്കുകയുംചെയ്തതോടെയാണ് ലക്ഷ്യം കണ്ടത്.
55 ലക്ഷത്തിന്റെ ഗ്രാന്റാണ് കണ്ടുപിടിത്തത്തിന് ലഭിച്ചത്.എട്ടുമാസത്തിനുള്ളിൽ ഉപകരണം വിപണിയിലെത്തിക്കും.ഇൻഫോപാർക്ക് ആസ്ഥാനമായ അമരരാജാ ഡിസൈൻ ആൽഫാ എന്ന കമ്പനിയാണ് നിർമ്മിക്കുന്നത്.പേറ്റന്റ് എടുത്തിട്ടുണ്ട്. കെ.എസ്.സി.എസ്.ടി.ഇയിൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാണ് അഖിലേഷ്. കേൾവി തിരിച്ചുകിട്ടാൻ കോക്ലിയാർ ഇംപ്ലാന്റേഷനെ ആശ്രയിക്കുന്നവർ ശസ്ത്രക്രിയയ്ക്ക് വിധേയരാവണം.ചെലവും ഭീമമാണ്.നിർമ്മാണച്ചെലവ് കുറച്ചാണ് അഖിലേഷ് ഉപകരണം വിപണിയിലെത്തിക്കുന്നത്.പ്രായഭേദമന്യേ ഉപയോഗിക്കാം.
അഖിലേഷിന്റെ പിതാവ് രവീന്ദ്രൻ നാട്ടുവൈദ്യനാണ്.അമ്മ ഉഷ. സഹോദരൻ അനീഷ്.
എന്തുകൊണ്ട് ഇന്ത്യയ്ക്ക് അഭിമാനം?
# പേറ്റന്റ് കാലാവധി കഴിഞ്ഞ അമേരിക്കൻ സാങ്കേതികവിദ്യഉപയോഗിച്ചുള്ള ശ്രവണ സഹായികളാണ് ഇന്ത്യൻ കമ്പനികൾ നിർമ്മിക്കുന്നത്.അത്യാധുനിക ശ്രവണ സഹായികൾ ഇപ്പോഴും അമേരിക്കയിൽ നിന്നും ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്.
# 2060ൽ ഇവയുടെ പേറ്റന്റ് കാലാവധി തീർന്നാൽ മാത്രമേ,ഇന്ത്യക്ക് തദ്ദേശീയമായി ഇവ നിർമ്മിക്കാനാവു.അല്ലെങ്കിൽ സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിക്കണം. അതാണ് ഇപ്പോൾ അഖിലേഷ് വികസിപ്പിച്ചിരിക്കുന്നത്.
ഇലക്ട്രോമാഗ്നറ്റിക്ക് ഗൺ കണ്ടക്ഷൻ(ഇ.എം.ജി ബോൺ കണ്ടക്ഷൻ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ്
വികസിപ്പിച്ചത്.ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഒരു കമ്പനി പോലും രാജ്യത്തില്ല.
#കാഴ്ചയിൽ ബ്ലൂടൂത്ത് നെക്ക്ബാൻഡുപോലെ. കഴുത്തിന് പിന്നിൽ ഒതുക്കിവയ്ക്കാം.ഫോണിൽ ബ്ലൂടൂത്തിലൂടെ കണക്ട് ചെയ്താൽ ഹെഡ്സെറ്റായി ഉപയോഗിക്കാം.കേൾവിശക്തി ഉള്ളവർക്കും ഉപയോഗിക്കാം.
മറ്റു ശ്രവണസഹായികളിൽ നിന്നു വ്യത്യസ്തമായി ഏതു ദിക്കിൽ നിന്നാണ് ശബ്ദം കേൾക്കുന്നതെന്ന് തിരിച്ചറിയാനാവും.
ഒരു ലക്ഷം പേർക്ക്
30000 രൂപയ്ക്ക് നൽകും
ആദ്യമെത്തുന്ന ഒരുലക്ഷം പേർക്ക് 30000 രൂപയ്ക്ക് ഉപകരണം ലഭിക്കും.തുടർന്ന് സർക്കാർ സബ്സിഡി ലഭിച്ചാൽ പട്ടികജാതി-പട്ടികവർഗക്കാർക്ക് തുച്ഛമായ വിലയ്ക്ക് നൽകും.
`ഇന്ത്യയിലും വിദേശത്തും ലൈസൻസ് നൽകും.തുടർവികസനത്തിനായി കൂടുതൽ നിക്ഷേപകരെ പ്രതീക്ഷിക്കുന്നു’
-അഖിലേഷ് രവീന്ദ്രൻ
Source link