LATEST NEWS

‘സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; സർക്കുലർ നിർദേശം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം’


തിരുവനന്തപുരം∙ സംസ്ഥാനത്തെ കടകളിലും മറ്റു വാണിജ്യസ്ഥാപനങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്കു തൊഴിലുടമകൾ ഇരിപ്പിടം ഉറപ്പാക്കണമെന്നു മന്ത്രി വി.ശിവൻകുട്ടി. ഇരിപ്പിടത്തിനു പുറമെ പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്നും തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. ദേശീയ – സംസ്ഥാന പാതകളോട് ചേർന്നു പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റസ്റ്ററന്റുകൾ തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്കു കസ്റ്റമേഴ്‌സിനെ എത്തിക്കുന്നതിനായി മണിക്കൂറുകളോളം വെയിലത്ത്നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തൊഴിൽ വകുപ്പ് സർക്കുലർ ഇറക്കിയത്.ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്കു സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്‌ളക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷകണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം. തൊഴിലുടമകൾ ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫിസർമാർ  ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ ലേബർ ഓഫിസർമാരുടെ നേതൃത്വത്തിൽ സെക്യൂരിറ്റി മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തണമെന്നും വി.ശിവൻകുട്ടി അറിയിച്ചു.


Source link

Related Articles

Back to top button