ഡോ.സൗമ്യ
പാറശാല: ദന്ത ഡോക്ടർ ഭർത്തൃവീട്ടിൽ സ്വയം കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങരയ്ക്കു സമീപം ആറയൂർ കൊറ്റാമം കണ്ണങ്കുഴി ശിവശ്രീയിൽ ആദർശിന്റെ ഭാര്യ ഡോ. സൗമ്യയാണ് (31) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ആദർശിന്റെ വീട്ടിൽ ഡോ.സൗമ്യയും ആദർശും ആദർശിന്റെ അമ്മ തുളസിയും മാത്രമാണുണ്ടായിരുന്നത്.
ഓപ്പറേഷനെ തുടർന്ന് കിടപ്പിലായ അമ്മ തുളസിയോടൊപ്പമാണ് കഴിഞ്ഞ ദിവസവും സൗമ്യ കിടന്നിരുന്നത്. എന്നാൽ രാത്രിയിൽ സൗമ്യയെ കാണാതായതോടെ അമ്മ മറ്റൊരു മുറിയിൽ കിടക്കുകയായിരുന്ന മകനെ ഫോണിൽ വിളിച്ച് അറിയിച്ചു. തുടർന്ന് നടന്ന തെരച്ചിലിലാണ് വീടിന്റെ മുകളിലത്തെ നിലയിലെ ബാത്ത്റൂമിൽ കഴുത്തറത്ത് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ വിവരം പാറശാല പൊലീസിനെ അറിയിക്കുകയായിരുന്നു.
ആർ.ഡി.ഒയുടെ നിർദ്ദേശത്തെ തുടർന്ന് നെയ്യാറ്റിൻകര തഹസീൽദാർ നന്ദകുമാരന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. കൈ ഞരമ്പുകൾ മുറിക്കാനുള്ള ശ്രമം നടന്നിരുന്നതായും ശ്രമം വിഫലമായതോടെ സ്വയം കഴുത്തറുത്തതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കീഴ്ക്കൊല്ല കാരിയോട് അലത്തറക്കൽ മുരുകവിലാസത്തിൽ സിദ്ധരാജൻ- തുളസി ദമ്പതികളുടെ ഇളയ മകളാണ് ഡോ.സൗമ്യ. ടെക്‌നോപാർക്കിലെ ഐ.ടി ജീവനക്കാരനായ ആദർശും ഡോ.സൗമ്യയും തമ്മിൽ വിവാഹിതരായിട്ട് നാല് വർഷമായി. കുട്ടികളില്ലാത്തതിലും സൗമ്യക്ക് സർക്കാരിൽ ജോലി ലഭിക്കാത്തതിലുമുള്ള വിഷാദരോഗമാണ് ജീവനൊടക്കാമുള്ള കാരണമായി ബന്ധുക്കൾ പറയുന്നത്.
Source link