KERALAM

ഹോസ്റ്റലിൽ കഞ്ചാവ് ,​ തൂക്കിവിൽക്കാൻ ത്രാസ്; ഈ പോക്ക് എങ്ങോട്ട്!

 കളമശേരി ഗവ. പോളിയിൽ 3 വിദ്യാർത്ഥികൾ അറസ്റ്റിൽ
 രണ്ടുപേരെ ജാമ്യത്തിൽ വിട്ടു,​ ഒരാൾ റിമാൻഡിൽ
 പ്രതികളിൽ കോളേജ് ജന.സെക്രട്ടറിയും

കൊച്ചി: ഹോസ്റ്റൽ അലമാരയിൽ ഭദ്രമായൊളിപ്പിച്ച് കഞ്ചാവ് പൊതികൾ. ചെറിയ അളവിൽ തൂക്കി വിൽക്കാൻ ഇലക്ട്രിക് ത്രാസ്. മൂന്നുകുപ്പി മദ്യം.

കളമശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റൽ റെയ്ഡിൽ പൊലീസ് പിടിച്ചെടുത്തതാണിവ. വിദ്യാലയങ്ങളിൽ മയക്കുമരുന്ന് ലോബി എത്രമാത്രം പിടിമുറുക്കിയെന്നതിന്റെ മറ്റൊരു ഞെട്ടിക്കും ദൃശ്യം. രണ്ട് കേസുകളിലായി മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റി​ലായി​.

മൂന്നാംവർഷക്കാരായ ഹരിപ്പാട് കാർത്തികപ്പള്ളി കാട്ടുകോയിക്കൽവീട്ടിൽ ആദിത്യൻ (20), കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി കരുനാഗപ്പള്ളി തൊടിയൂർ പനംതറയിൽവീട്ടിൽ ആർ. അഭിരാജ് (21), കുളത്തൂപ്പുഴ വില്ലുമല അടവികോണോത്ത് പുത്തൻവീട്ടിൽ എം. ആകാശ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോളേജ് സസ്‌പെൻഡ് ചെയ്തു. നാലംഗ അന്വേഷണ സമിതിയെയും നിയോഗിച്ചു.

9.70ഗ്രാം കഞ്ചാവ് കൈവശംവച്ച ആദിത്യൻ, അഭിരാജ് എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടു. അഭിരാജ് എസ്.എഫ്.ഐ നേതാവാണ്. അതേസമയം, 1.9 കി​ലോ കഞ്ചാവ് പിടിച്ചെടുത്തതിന് ആകാശിനെ റിമാൻഡ് ചെയ്തു. കസ്റ്റഡിയി​ൽ വാങ്ങി ചോദ്യംചെയ്യും. ആകാശ് കെ.എസ്.യുക്കാരനാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കെ.എസ്.യു നേതാക്കൾ ഇക്കാര്യം തള്ളി.

രണ്ടുപേർ രക്ഷപ്പെട്ടു; കഞ്ചാവ്

എത്തിച്ചത് പൂർവവിദ്യാർത്ഥി

ഹോളി ആഘോഷിക്കാൻ വൻതോതിൽ ലഹരിവസ്തുക്കൾ എത്തിയിട്ടുണ്ടെന്ന് ഡി.സി.പി അശ്വതി ജിജിക്ക് ലഭിച്ചവിവരത്തെ തുടർന്നായിരുന്നു പരിശോധന. വ്യാഴാഴ്ച രാത്രി ഒമ്പതോടെ തുടങ്ങി ഇന്നലെ പുലർച്ചെ നാലുവരെ നീണ്ടു. റെയ്ഡിനിടെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ചും പ്രതികൾക്ക് കഞ്ചാവ് എത്തിച്ചവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൂർവവിദ്യാർത്ഥിയാണ് എത്തിച്ചതെന്നാണ് വിവരം.

മെൻസ് ഹോസ്റ്റലിൽ പുറത്തുനിന്ന് പലരും എത്തുന്നുണ്ടെന്നും ഇത് ലഹരി ഉപയോഗത്തിനാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ആദിത്യനും അഭിരാജും താമസിക്കുന്ന താഴത്തെ നിലയിലെ മുറിയിലും മുകൾനിലയിൽ ആകാശി​ന്റെ മുറിയിലും നിന്നാണ് കഞ്ചാവുംമറ്റും പിടിച്ചെടുത്തത്. പ്രിൻസിപ്പൽ ഡോ. ഐജു തോമസിനെ സ്ഥലത്തെത്തിച്ച് പൊലീസ് റെയ്ഡിന്റെ ദൃശ്യങ്ങൾ പകർത്തി. ഹോസ്റ്റലിൽ ലഹരി സംഭവം ആദ്യമല്ലെന്നാണ് പ്രിൻസിപ്പൽ മാദ്ധ്യമങ്ങളോടു പറഞ്ഞത്.

കഞ്ചാവ്, എം.ഡി.എം.എ;

6 അറസ്റ്റ് വേറെയും

ലഹരി വസ്തുക്കളുമായി ഇന്നലെ സംസ്ഥാനത്ത് വിദേശികളുൾപ്പെടെ ആറു പേർ വേറെയും പിടിയിലായി.

 കരുനാഗപ്പള്ളി പന്മനയിൽ 16.104 ഗ്രാം എം.ഡി.എം.എയുമായി ബോക്സിംഗ് പരിശീലകൻ വടുതല ഗോകുൽ ഭവനിൽ ഗോകുൽ (28) അറസ്റ്റിൽ

 ഇടുക്കി രാജാക്കാട്ട് രണ്ടു കിലോ കഞ്ചാവുമായി ചെരുപ്പുറം കോളനിയിൽ അഭിനന്ദാണ് (19)പിടിയിലായത്

 ചങ്ങനാശേരി തെങ്ങണ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 1.41 കിലോ കഞ്ചാവുമായി അസം സ്വദേശി അസിം ചങ്മയ് (35) അറസ്റ്റിലായി

 ടാൻസാനിയൻ സ്വദേശികളായ ഡേവിഡ് എന്റമി( 22), അത്‌ക ഹറുണ(21) എന്നിവരെ കോഴിക്കോട് കുന്ദമംഗലം പൊലീസ് പിടികൂടി. എം.ഡി.എം.എ മൊത്തവിതരണക്കാരാണിവർ

 എം.ഡി.എം.എയും കഞ്ചാവുമായി പത്തനംതിട്ട കുമ്പഴ വൈശാഖം വീട്ടിൽ ഹരികൃഷ്ണനെ(31) ബത്തേരി പൊലീസ് അറസ്റ്റുചെയ്തു

₹1.9 കോടി

ഓപ്പറേഷൻ ക്ളീൻ സ്ളേറ്റിലൂടെ 8 ദിവസത്തിനിടെ എക്സൈസ് പിടിച്ച മയക്കുമരുന്നിന്റെ വില


Source link

Related Articles

Back to top button