KERALAM

വയനാട് ദുരന്തം: കേന്ദ്രത്തിന്റേത് കടുത്ത അവഗണന :കെ.സി

കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്നും വിഷയത്തിൽ സംസ്ഥാന സർക്കാരിനൊപ്പമാണ് കോൺഗ്രസെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കേന്ദ്രസർക്കാരിൽ നിന്ന് ധനസഹായം വാങ്ങിയെടുക്കാൻ കോൺഗ്രസ് സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുമെന്നും വേണുഗോപാൽ പറഞ്ഞു. കെ. സാദിരിക്കോയ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിലുള്ള കർമ്മശ്രേഷ്ഠ അവാർഡ് ടി. സിദ്ദിഖ് എം.എൽ.എയ്ക്ക് നൽകുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധനസഹായമായി നൽകേണ്ട തുക വായ്പയാക്കിയ കേന്ദ്രസർക്കാർ നടപടി ശരിയല്ല. ദുരിതബാധിതർക്ക് ആദ്യം 10 സെന്റ് വാഗ്ദാനം ചെയ്ത് പിന്നീട് അഞ്ച് സെന്റാക്കിയ സംസ്ഥാന സർക്കാർ നടപടിയും ശരിയല്ല. ആദ്യം പ്രഖ്യാപിച്ച 10 സെന്റ് ഭൂമി നൽകണം. എട്ടു മാസമായിട്ടും പുനരധിവാസം പൂർത്തിയായില്ല. കർണാടക, തെലങ്കാന സർക്കാരുകൾ നൂറു കോടി വീതം നൽകാമെന്നും പറഞ്ഞു. യു.ഡി.എഫും സഹായിക്കാമെന്നേറ്റു. പണം പ്രശ്നമല്ല. എന്നിട്ടും പ്രദേശത്തെ രോദനം അടങ്ങിയിട്ടില്ല. തുടർചികിത്സയ്ക്ക് മാർഗ്ഗനിർദ്ദേശമില്ല.

ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, ജനറൽ സെക്രട്ടറി കെ.ജയന്ത്, രാഷ്ട്രീയകാര്യ സമിതിയംഗം എൻ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.


Source link

Related Articles

Back to top button