നടത്തിയത് ആഴ്ചകൾ നീണ്ട തയാറെടുപ്പ്, ഹോസ്റ്റൽ പൂർണമായും വളഞ്ഞു; ആ കാഴ്ച പൊലീസിനെ അമ്പരപ്പിച്ചു!

കൊച്ചി ∙ കളമശേരിയിലെ കോളജ് ഹോസ്റ്റലില്‍നിന്നു 2 കിലോഗ്രാം കഞ്ചാവ് പിടികൂടിയത് പൊലീസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. റെയ്ഡിനു ശേഷം പുറത്തിറങ്ങിയ നാർക്കോട്ടിക് സെൽ എസിപി അബ്ദുൾ സലാം ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. ചെറിയ അളവിൽ ലഹരി വസ്തുക്കൾ ഉണ്ടായേക്കാമെന്നു കരുതിയെങ്കിലും ഇത്രയും ഉണ്ടാകുമെന്നു തീരെ പ്രതീക്ഷിച്ചില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കുറച്ചു നാളുകളായി കളമശേരിയും പരിസര പ്രദേശങ്ങളും ലഹരി വിൽപ്പനയുടെ കേന്ദ്രമാകുന്നു എന്ന പരാതിയും പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ മാസം മാത്രം കളമശേരി പൊലീസ് സ്റ്റേഷനിൽ ലഹരിയുമായി ബന്ധപ്പെട്ടുണ്ടായത് 25ലേറെ കേസുകളാണ്.ആഴ്ചകളോളം നിരീക്ഷിക്കുകയും സർവ തയാറെടുപ്പുകളും പൂർത്തിയാക്കുകയും ചെയ്ത ശേഷമായിരുന്നു നാർക്കോട്ടിക് സെല്‍, ഡാൻസാഫ്, കളമശേരി, തൃക്കാക്കര പൊലീസ് സംഘങ്ങൾ ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്. പോളി ടെക്നിക് കോളജും, ഹോസ്റ്റലും കേന്ദ്രീകരിച്ച് മുൻപും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉയർന്നിട്ടുണ്ട്. കോളജ് അധികൃതരും പൊലീസും കഴിഞ്ഞ 6 മാസത്തോളമായി ഇക്കാര്യത്തിൽ പരിഹാരം കാണാൻ ശ്രമിക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായി കോളജിലും പരിസരങ്ങളിലും ഡാൻസാഫിന്റെ ഷാഡോ ടീം ഉണ്ടാകാറുമുണ്ട്. ആഘോഷങ്ങൾ നടക്കുന്ന സമയം കോളജ് അധികൃതർ സ്പെഷൽ ബ്രാഞ്ചിനെ അറിയിക്കുന്നതും പതിവാണ്. ഇതിനിടെയാണ് ഹോളി ആഘോഷം വരുന്നതും പൊലീസിന് നിർണായകമായ ചില വിവരങ്ങൾ കിട്ടുന്നതും. ഹോസ്റ്റലിലെ ലഹരി ഇടപാടിനെ കുറിച്ച് പൊലീസിന് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇവിടുത്തെ പൂർവവിദ്യാർഥികളായ 2 പേരെ ലഹരി കേസിൽ പൊലീസ് ഒരാഴ്ച മുൻപ് പിടികൂടുകയും ചെയ്തു. ഹോളിയോട് അനുബന്ധിച്ച് ഹോസ്റ്റലിൽ പണപ്പിരിവു നടക്കുന്നതായി ലഭിച്ച വിവരത്തിൽ പൊലീസ് തുടർ അന്വേഷണം നടത്തി. പിന്നാലെ കോളജ് അധികൃതരുമായി ബന്ധപ്പെട്ട് റെയ്ഡിന്റെ കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തു. അതിനുശേഷമാണ് വലിയ സംഘം ഹോസ്റ്റലിൽ എത്തിയത്. ഹോസ്റ്റൽ പൂർണമായി വളഞ്ഞ സംഘം മുന്നിലൂടെയും ടെറസ് വഴിയുമെല്ലാം അകത്തെത്തി എല്ലാ മുറികളിലും പരിശോധന നടത്തുകയായിരുന്നു.
Source link