ചെന്നൈ സമ്മേളനത്തിലേക്ക് പിണറായി വിജയന് ക്ഷണം

തിരുവനന്തപുരം: അടുത്ത വർഷം സെൻസസ് നടത്തി ലോക്സഭാ മണ്ഡലങ്ങൾ രാജ്യവ്യാപകമായി പുനർനിർണയിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഡി.എം.കെ. നടത്തുന്ന സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. 22ന് ചെന്നൈയിലാണ് സമ്മേളനം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രതിനിധികളായി തമിഴ്നാട് ഐ.ടി മന്ത്രി പളനിവേൽ ത്യാഗരാജൻ, ഡോക്ടർ തമിഴച്ചി തങ്ക പാണ്ഡ്യൻ എം.പി എന്നിവർ നേരിട്ട് എത്തിയാണ് പിണറായി വിജയനെ ക്ഷണിച്ചത്. എം.കെ. സ്റ്റാലിന്റെ ആത്മകഥ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
സമ്മേളനത്തോടും അതിന് അടിസ്ഥാനമായ വിഷയത്തോടും പിണറായി വിജയൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസ്ലീം ലീഗ് നേതാക്കൾ എന്നിവരുമായും തമിഴ്നാട് സംഘം ചർച്ച നടത്തി. കോൺഗ്രസ് നേതാക്കളെ ഡൽഹിയിൽ കാണുമെന്നും അവർ അറിയിച്ചു.
കർണാടക, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ഒഡിഷയിലെ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്, ആന്ധ്രയിലെ മുൻമുഖ്യമന്ത്രി ജഗൻമോഹൻറെഡ്ഡി എന്നിവരെയുമാണ് സ്റ്റാലിൻ ക്ഷണിച്ചിരിക്കുന്നത്.
`അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന നിലയുണ്ടാവരുത്. ചെന്നൈയിൽ നടക്കുന്ന സമ്മേളനത്തോടും ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടിനോടും കേരളത്തിന് ഐക്യദാർഢ്യമാണ് .’
-മുഖ്യമന്ത്രി പിണറായി വിജയൻ
Source link