കെ.രാധാകൃഷ്‌ണനുള്ള ഇ.ഡി സമൻസ് ഗൂഢാലോചന : എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്ര ഏജൻസികൾ മെല്ലെ കേരളത്തിലേക്ക് പ്രവേശിക്കുകയാണെന്നും കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കെ.രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇ.ഡി നോട്ടീസ് നൽകിയത് മുൻ ഗൂഢാലോചനകളുടെ തുടർച്ചയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഏജൻസികളുടെ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പാർട്ടിയേയും സംസ്ഥാന സർക്കാരിനെയും ദുർബലപ്പെടുത്താനും സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാനുമാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം.
തുഷാർ ഗാന്ധിക്കെതിരായ ആർ.എസ്.എസ് നിലപാട് പ്രതിഷേധാർഹമാണ്. ഇതിൽ സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു. ഗാന്ധിയെ വധിച്ചവരുടെ മാനസികാവസ്ഥ കേരളത്തിൽ ചിലരിലെങ്കിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പി.ബി അംഗം എം.എ. ബേബി രാഷ്ട്രീയ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.19 മുതൽ 22 വരെ ഇ.എം.എസ് – എ.കെ.ജി ദിനാചരണ പരിപാടികൾ സംഘടിപ്പിക്കണം. സർക്കാരിന്റെ നാലാം വാർഷികാഘോഷം വിപുലമായി നടത്താൻ പാർട്ടി പ്രവർത്തകർ പിന്തുണ നൽകണം.
വി.എസിനെ സന്ദർശിച്ച്
എം.വി.ഗോവിന്ദൻ
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വീട്ടിലെത്തി സന്ദർശിച്ചു. വി.എസിന്റെ ഭാര്യ വസുമതി, മകൻ അരുൺകുമാർ എന്നിവരുമായി അദ്ദേഹം സംസാരിച്ചു. സി.പി.എം സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന കമ്മിറ്റി യോഗം ഇന്നലെ എ.കെ.ജി സെന്ററിൽ കൂടുന്നതിന് മുൻപായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. സംസ്ഥാന കമ്മിറ്റിയിൽ വി.എസിന്റെ പേരില്ലാതിരുന്നത് ചർച്ചയായിരുന്നു. വി.എസ് പാർട്ടിയുടെ കരുത്താണെന്നും അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തുമെന്നും ഗോവിന്ദൻ പ്രതികരിച്ചു. പ്രിയ സഖാവിന് ആരോഗ്യവും സന്തോഷവും നേർന്നാണ് വീട്ടിൽ നിന്ന് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
Source link