KERALAM

കൊച്ചിയിൽ കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. രണ്ട് കിലോയോളം കഞ്ചാവാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയിൽനിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യൻ, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറികളിൽ നിന്നാണ് ബാക്കി കഞ്ചാവ് കണ്ടെത്തിയത്. വേയിംഗ് മെഷീൻ ഉൾപ്പടെ പിടികൂടിയിട്ടുണ്ട്.

കൊച്ചി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കളമശ്ശേരി പോളി ടെക്നിക്കിൽ ഏഴ് മണിക്കൂറോളമാണ് പൊലീസ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിക്ക് ആരംഭിച്ച പരിശോധന പുലർച്ചെ നാലുമണിയോടെയാണ് അവസാനിച്ചത്.

ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് മാത്രമല്ല മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ കഞ്ചാവ് സൂക്ഷിച്ചത് വിൽപ്പനയ്‌ക്കുവേണ്ടിയാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് എത്തിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. പൊലീസിനെ കണ്ട് ഭയന്ന് ചില വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ചും അന്വേഷിച്ചുവരികയാണ്.


ഹോളി ആഘോഷത്തിനായി വിദ്യാർത്ഥികൾ ഹോസ്റ്റലിൽ വൻ തോതിൽ ലഹരി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടേക്ക് എത്തിയത്. സംഭവത്തെക്കുറിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തും. ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല.

ഹോസ്റ്റലിൽ കഞ്ചാവ് കണ്ടെത്തിയ സംഭവം ഗൗരവകരമായ വിഷയമാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവിയർ പ്രതികരിച്ചു. വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS: CASE DIARY, GANJA SEIZED, KERALA, COLLEGE HOSTEL, KALAMASSERY, POLYTECHNIC COLLEGE, LATESTNEWS


Source link

Related Articles

Back to top button