എസ്‌എഫ്ഐ നേതാവിനെ രക്ഷിക്കാൻ നീക്കം? സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; കഞ്ചാവ് വാങ്ങാൻ കോളേജിൽ പിരിവ് നടന്നതായി സൂചന

കൊച്ചി: കളമശ്ശേരി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. ആലപ്പുഴ സ്വദേശി ആദിത്യൻ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആർ അഭിരാജ് എന്നിവരെയാണ് ജാമ്യത്തിൽ വിട്ടത്. എസ് എഫ് ഐ നേതാവും യൂണിയൻ ഭാരവാഹി കൂടിയാണ് അഭിരാജ്.
അഭിരാജും ആദിത്യനും ഒരു മുറിയിലാണ് താമസിക്കുന്നത്. ഇവരിൽ നിന്ന് ഒൻപത് ഗ്രാം കഞ്ചാവാണ് പിടികൂടിയത്.തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചെടുത്തതെന്നാണ് അഭിരാജ് പറയുന്നത്. ശനിയാഴ്ച എസ് എഫ് ഐ യൂണിയൻ സമ്മേളനം നടക്കാനിരിക്കുകയായിരുന്നു. തങ്ങൾ അതിന്റെ കൊടിതോരണങ്ങൾ കെട്ടുന്ന തിരക്കിലായിരുന്നു. ഇതിനിടയിൽ ആരോ കഞ്ചാവ് കൊണ്ടുവന്ന് വച്ചതാണെന്ന് കരുതുന്നുവെന്ന് അഭിരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ കൊല്ലം സ്വദേശി എം ആകാശിന്റെ കയ്യിൽ നിന്ന് 1.90 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അകാശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
സാധാരണ പൊലീസ് കോളേജുകളിൽ ഇത്തരത്തിൽ പരിശോധന നടത്താറില്ല. എന്നാൽ കുറച്ചുനാളുകൾക്ക് മുമ്പ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണം ചെയ്യുന്ന കാര്യം മനസിലായത്. തുടർന്ന് പൊലീസ് മിന്നൽ പരിശോധന നടത്തുകയായിരുന്നു.
കേസിൽ രണ്ട് എഫ് ഐ ആറാണ് ഇട്ടിരിക്കുന്നത്. എസ് എഫ് ഐ നേതാവ് അടക്കമുള്ളവരിൽ നിന്ന് പിടിച്ചെടുത്ത ഒൻപത് ഗ്രാമിന്റേത് ഒരു എഫ് ഐ ആറും ആകാശിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവ് മറ്റൊരു എഫ് ഐ ആറുമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒറ്റ എഫ് ഐ ആറായിട്ടാണ് ഇട്ടിരുന്നതെങ്കിൽ മൂന്നുപേർക്ക് ജാമ്യം ലഭിക്കില്ലായിരുന്നു. എസ് എഫ് ഐ നേതാവിനെ സംരക്ഷിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ആരോപണമുയർന്നിട്ടുണ്ട്.
കോളേജിൽ കഞ്ചാവ് ആവശ്യമുള്ളവരിൽ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ പണം ഉപയോഗിച്ചാണ് കഞ്ചാവ് വാങ്ങിയതെന്നാണ് വിവരം. എല്ലാവരും അവസാന വർഷ വിദ്യാർത്ഥികളാണ്. ഇവരെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കോളേജ് അധികൃതർ കടന്നേക്കും.
Source link