കൊച്ചി: ഇതുവരെ കഞ്ചാവ് പോലുള്ള സാധനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് എസ് എഫ് ഐ നേതാവും കളമശ്ശേരി കോളേജിലെ യൂണിയൻ ഭാരവാഹിയുമായ അഭിരാജ്. കേസിൽ അറസ്റ്റിലായ അഭിരാജിന് നേരത്തെ സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണം.
അഭിരാജിന്റെ വാക്കുകൾ
‘വർക്ക്‌ഷോപ്പിന്റെയടുത്തുള്ളപ്പോൾ പത്തിരുപത് വണ്ടി പൊലീസുകാർ ഇങ്ങോട്ടുവരുന്നു. ഞാനും ആദിത്യനും കെമിക്കലിലെ ഒരു വിദ്യാർത്ഥിയും ഓടി ഇവിടെവന്നു. വണ്ടിയും ആൾക്കാരുമെല്ലാം നിറഞ്ഞിരിക്കുകയാണ്. ആദിലിന്റെ മുറിയിലാണ് കൂടുതൽ ആൾക്കാരുള്ളത്. ഇവിടെ നിന്ന് സാധനം കിട്ടിയിട്ടുണ്ടെന്നും നിന്റെ റൂമാണോയെന്നും ചോദിച്ചു. എന്റെ റൂമല്ല സാറെ, എന്റെ റൂം മുകളിലാണെന്ന് ഞാൻ പറഞ്ഞു.
ഞാൻ യൂണിയനിലുണ്ടെന്നും നാളെ കോളേജിൽ പരിപാടിയുണ്ടെന്ന് പറഞ്ഞപ്പോൾ നീ യൂണിയനിലുള്ളയാണെങ്കിൽ ഞങ്ങളെന്ത് വേണം, ഞാൻ പാർട്ടി സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാൻ നോക്കുകയാണെന്നൊക്കെ പറഞ്ഞു.
എന്റെ റൂം കാണിച്ചപ്പോൾ, ഇത് നിന്റെ റൂമാണോ, നിന്റെ റൂമിൽ സാധനമുണ്ടല്ലോയെന്ന് പറഞ്ഞു. എന്റെ കബോഡിലും ഷർട്ടിലും പാന്റിലുമൊന്നുമില്ല. ഞാൻ ഇതുവരെ ഇതൊന്നും ഉപയോഗിക്കാത്ത വ്യക്തിയാണ്. ഞാൻ മൂന്ന് വർഷമായി ഈ കോളേജിൽ പഠിക്കുന്നു. എല്ലാ ടീച്ചർമാരുടെയടുത്തും വിദ്യാർത്ഥികളുടെയടുത്തുമൊക്കെ നല്ല രീതിയിൽ പെരുമാറിയിട്ടുണ്ട്.
ഒന്നാം വർഷം പഠനത്തിൽ കുറച്ച് പിറകോട്ട് ആയിരുന്നു. കുറേ സപ്ലികളുണ്ട്. മൂന്നാമത്തെ വർഷം ഇരുന്ന് പഠിച്ചുതുടങ്ങി, സപ്ലികളെല്ലാം ക്ലിയർ ചെയ്തുവരികയാണ്. അതിനിടയിലാണ് അറിയാത്ത കാര്യം തലയിലിട്ട് തരുന്നത്. നമുക്കിതൊന്നും അറിയാത്ത കാര്യങ്ങളാണ് സാറെ. എന്നെ ആദ്യം കൊണ്ടുപോയത് ആകാശിന്റെ റൂമിലാണ്. ഞാൻ യൂണിയന്റെ ആളാണ് എനിക്ക് പോകണമെന്ന് പറഞ്ഞപ്പോൾ, നീ യൂണിയനിലുള്ളയാളാണോ എങ്കിൽ പോകണ്ട, വലിയ കൊമ്പത്തെ ആളാണോ മേലോട്ട് വാ എന്നും പറഞ്ഞാണ് കൊണ്ടുപോയത്. ആകാശ് എന്നെപ്പോലെ തന്നെ കോളേജിൽ നല്ലപോലെ നടക്കുന്ന വ്യക്തിയാണ്.’- അഭിരാജ് പറഞ്ഞു.
Source link