വാഷിങ്ടൻ∙ റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിച്ചതിനു പിന്നാലെ യുഎസ് പ്രതിനിധികളായ ഉദ്യോഗസ്ഥർ റഷ്യയിലേക്കു തിരിച്ചതായി റിപ്പോർട്ട്. 30 ദിവസത്തെ വെടിനിർത്തൽ കരാർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു സമർപ്പിക്കാൻ പ്രതിനിധികളെ അയച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. വെടിനിർത്തൽ കരാർ റഷ്യ അംഗീകരിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു. വെടിനിർത്തൽ കരാറിനെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പദ്ധതിയെക്കുറിച്ച് യുഎസിൽനിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും റഷ്യ അറിയിച്ചു. എന്നാൽ വെടിനിർത്തൽ കരാറിനെക്കുറിച്ചുള്ള ചോദ്യത്തിനു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് കൃത്യമായ മറുപടി നൽകിയില്ല. വിഷയം യുഎസുമായി ചർച്ച ചെയ്യണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം, യുക്രെയ്നെതിരായ യുദ്ധം റഷ്യ തുടർന്നാൽ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. ‘‘പ്രതികൂലമായ സാമ്പത്തിക ആഘാതം ഉണ്ടാക്കാൻ കഴിയുന്ന നടപടികളുണ്ട്. അതു റഷ്യക്ക് വിനാശകരമാകും. എന്നിരുന്നാലും എനിക്ക് ആ ഫലം വേണ്ട. കാരണം എന്റെ ലക്ഷ്യം സമാധാനം കൈവരിക്കുക എന്നതാണ്.’’ – ട്രംപ് പറഞ്ഞു.
Source link
വെടിനിർത്തൽ അംഗീകരിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും: റഷ്യയ്‌ക്ക് മുന്നറിയിപ്പുമായി ട്രംപ്
