ഉത്സവാഘോഷത്തിൽ സിപിഎം ഗാനം; കടയ്ക്കൽ ക്ഷേത്രത്തിൽ ഗായകൻ അലോഷി അവതരിപ്പിച്ച പരിപാടി വിവാദത്തിൽ

കൊല്ലം: കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിൽ പാർട്ടി ചിഹ്നങ്ങൾ പ്രദർശിപ്പിച്ച് സിപിഎം, ഡിവൈഎഫ്‌ഐ പ്രചാരണ ഗാനങ്ങൾ പാടിയത് വിവാദത്തിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള ക്ഷേത്രത്തിൽ ഗായകൻ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനും പ്രതികരിച്ചിട്ടുണ്ട്. പാർട്ടി ഗാനങ്ങൾ പാടേണ്ടത് ക്ഷേത്രങ്ങളിൽ ഉത്സാവാഘോഷങ്ങൾ നടക്കുമ്പോഴാണോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
അതേസമയം, പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് പാട്ട് പാടിയതെന്നും വിവാദങ്ങൾ അനാവശ്യമാണെന്നും ഉത്സവകമ്മിറ്റി പ്രതികരിച്ചു. ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ മാർച്ച് പത്തിനാണ് അലോഷിയുടെ പരിപാടി നടന്നത്. ഗായകൻ പാടുന്നതിനോടൊപ്പം എൽഡിഎഫിന്റെ ചിഹ്നവും കൊടികളും എൽഇഡി വാളിൽ പ്രദർശിപ്പിച്ചതും വിവാദത്തിലായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ബിജെപി അനുകൂല പേജുകളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. കടയ്ക്കലിലെ വ്യാപാരി വ്യവസായി സമിതിയാണ് പരിപാടി വഴിപാടായി സമർപ്പിച്ചത്.
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ദേവസ്വം ബോർഡിന്റെ മറുപടി. രാഷ്ട്രീയ പരിപാടികൾക്ക് ക്ഷേത്ര പരിസരം ഉപയോഗിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് മുഖ്യമന്ത്രിയുടെ നവകേരള സദസ് കടയ്ക്കൽ ക്ഷേത്രത്തിന് സമീപത്ത് നിന്ന് മാറ്റിയതും ചർച്ചയായിരുന്നു.
Source link