സർക്കാർ ജോലി സ്‌പോർട്‌സ് ക്വാട്ട വഴി കിട്ടിയത് 960 പേർക്ക്, യുഡിഎഫ് ഭരണകാലത്ത് 110 മാത്രം

തിരുവനന്തപുരം : 2016 ൽ എൽ ഡി എഫ് സർക്കാർ അധികാരമേറ്റതു മുതൽ ഇതുവരെ സ്‌പോട്സ് ക്വാട്ട പ്രകാരം 960 പേർക്ക് സർക്കാർ സർവീസിൽ നിയമനം നൽകി. ഇതിൽ 80 പേർ ഫുട്‌ബോൾ താരങ്ങളാണ്. ഇതൊരു റെക്കോഡാണ്. ആകെ നിയമനം ലഭിച്ചവരുടെ 12 ശതമാനം വരും ഫുട്‌ബോൾ താരങ്ങളുടെ എണ്ണം.ഒരു കാലയളവിലും ഇത്ര ഫുട്‌ബോൾ താരങ്ങൾക്ക് സർക്കാർ ജോലി ലഭിച്ചിട്ടില്ല. മുപ്പതോളം കായിക ഇനങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷ പരിഗണിക്കുന്നതിലാണ് ഫുട്‌ബോൾ താരങ്ങൾക്ക് മുൻതൂക്കം ലഭിച്ചത്.
പ്രതിവർഷം 50 പേർക്കുള്ള സ്‌പോട്സ് ക്വാട്ട ഒഴിവു പ്രകാരം നൽകിയ നിയമനത്തിൽ 34 പേർ ഫുട്‌ബോൾ താരങ്ങളാണ്. 2010-14 കാലയളവിലെ ലിസ്റ്റിൽ നിന്ന് 14 പേർക്കും 2015-19 കാലയളവിലെ ലിസ്റ്റിൽ നിന്ന് 20 പേർക്കും ജോലി ലഭിച്ചു. പൊലീസിലും കെഎസ്ഇബിയിലും ഈ കാലയളവുകളിൽ 17 വീതം ഫുട്‌ബോൾ താരങ്ങൾക്ക് ജോലി നൽകിയിട്ടുണ്ട്. 2018 ൽ സന്തോഷ് ട്രോഫി നേടിയ കേരളാ ഫുട്‌ബോൾ ടീമിലെ ജോലിയില്ലാതിരുന്ന 11 പേർക്ക് സർക്കാർ സർവീസിൽ ക്ലർക്ക് തസ്തികയിൽ ജോലി നൽകി. യു ഡി എഫ് സർക്കാർ 2011-16 കാലയളവിൽ 110 പേർക്കു മാത്രമാണ് സ്‌പോട്സ് ക്വാട്ട നിയമനം നൽകിയത്.
Source link