മദ്യലഹരിയിൽ കാറോട്ടം, പിന്നാലെ അപകടം, ഒരു സ്ത്രീ കൊല്ലപ്പെട്ടു; യുവാവിന്റെ ‘റോഡ്ഷോ’– വിഡിയോ

വഡോദര ∙ ഗുജറാത്തിലെ വഡോദരയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കരേലിബാഗിലാണ് യുവാവ് ഓടിച്ചിരുന്ന കാറിടിച്ച് ഒരു സ്ത്രീ മരിക്കുകയും നാലു പേർക്കു പരുക്കേൽക്കുകയും ചെയ്തത്. അമിത വേഗതയിലെത്തിയ കാർ ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ നിയമവിദ്യാർഥിയായ രക്ഷിത് രവീഷ് ചൗരസ്യയെ പ്രദേശവാസികൾ ചേർന്നു പിടികൂടുകയായിരുന്നു. അപകടത്തിനു പിന്നാലെ പുറത്തിറങ്ങിയ യുവാവ് പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നതായും പറയുന്നു. രക്ഷിത് മദ്യലഹരിയിലാണ് കാറോടിച്ചിരുന്നതെന്നും ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും പൊലീസ് ജോയിന്റ് കമ്മിഷ്ണര്‍ ലീനാ പാട്ടീല്‍ വ്യക്തമാക്കി. അപകടത്തിൽ മരിച്ച സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വഡോദര സ്വദേശിനിയായ ഹേമലിബെൻ പട്ടേൽ ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു, അപകടത്തിൽ പരുക്കേറ്റ ജൈനി (12), നിഷാബെൻ (35), 10 വയസ്സുള്ള ഒരു പെൺകുട്ടി, 40 വയസ്സുള്ള ഒരു പുരുഷൻ എന്നിവർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സമയത്ത് കാർ 100 കിലോമീറ്റർ വേഗതയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
Source link