BUSINESS

ഊർജ പ്രതിസന്ധിക്കു പരിഹാരം ഹരിത ഹൈഡ്രജൻ: മന്ത്രി കെ.കൃഷ്ണൻകുട്ടി


കൊച്ചി∙ കേരളത്തിന്റെ വർധിച്ചു വരുന്ന ഊർജ പ്രതിസന്ധിക്കു പരിഹാരം അക്ഷയ ഊർജവും ഹരിത ഹൈഡ്രജനും ആണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഗോള ഹൈഡ്രജൻ, പുനരുപയോഗ വൈദ്യുതോർജ ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊർജ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ കേരളത്തിലും ഊർജ ഉപഭോഗം വർധിച്ചു. പക്ഷേ പഴയ ഊർജോൽപാദന രീതികൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്താനുഭവങ്ങൾ രൂക്ഷമാക്കുന്നു. അവിടെയാണ് പുനരുപയോഗ ഊർജ മാർഗങ്ങളുടെ പ്രസക്തി. വൻകിട സൗരോർജ പദ്ധതികൾ കുറവാണെങ്കിലും വികേന്ദ്രീകൃതമായി മേൽക്കൂര സൗരോർജ പദ്ധതികളിൽ കേരളം മുന്നിലാണ്. വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തിലും മുന്നിലെത്തി. ക്ലീൻ എനർജിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജനങ്ങൾ തന്നെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ മുന്നോട്ടു വരുന്നു. വെള്ളത്തിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന തരം ഫ്ലോട്ടിങ് സോളർ പദ്ധതികൾക്ക് കേരളം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


Source link

Related Articles

Back to top button