LATEST NEWS

മുടങ്ങിയ ക്രൂ10 വിക്ഷേപണം ശനിയാഴ്ച പുലർച്ചെ;‌ സുനിതയുടെ മടങ്ങിവരവ് 19ന്?


വാഷിങ്ടൻ ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് നാസ. ബുധനാഴ്ച രാവിലെ നിശ്ചയിച്ചിരുന്ന സ്പേസ് എക്സിന്‍റെ ക്രൂ10 ദൗത്യം വിക്ഷേപണത്തിനു തൊട്ടുമുൻപ് മാറ്റിവച്ചിരുന്നു. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4.30ന് (യുഎസ് സമയം വെള്ളിയാഴ്ച വൈകിട്ട് 7.03) ക്രൂ10 വിക്ഷേപിക്കാനാണു പുതിയ തീരുമാനം.  എന്നാൽ, പുതുക്കിയ തീയതിയും സമയവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ സമയത്തു വിക്ഷേപണം നടത്താനാണ് ആലോചിക്കുന്നതെന്നാണ് സ്പേസ് എക്സ്  അവരുടെ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്. നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽനിന്നാണ് ഫാൽക്കൺ റോക്കറ്റ് ഇന്നു വിക്ഷേപിക്കാൻ തയാറെടുത്തിരുന്നത്. വിക്ഷേപണത്തിന് 4 മണിക്കൂർ മുൻപു ഹൈഡ്രോളിക് സിസ്റ്റത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് എൻജിനീയർമാർ കണ്ടെത്തി. ഇതോടെയാണു വിക്ഷേപണം മാറ്റിയതെന്നു നാസ ലോഞ്ച് കമന്റേറ്റർ ഡെറോൾ നെയിൽ പറഞ്ഞു.ബഹിരാകാശ സഞ്ചാരികളായ സുനിതയും വില്‍മോറും 16ന് മടങ്ങുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. ശനിയാഴ്ചത്തെ വിക്ഷേപണം വിജയകരമായാൽ, 19ന് ഇരുവരും മടങ്ങിയേക്കും. 9 മാസത്തോളമായി ബഹിരാകാശനിലയത്തില്‍ തുടരുന്ന ഇരുവരെയും തിരികെയെത്തിക്കാന്‍ നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണു ക്രൂ10. പകരക്കാരായ സംഘം ക്രൂ 10ൽ ബഹിരാകാശ നിലയത്തിൽ എത്തിയാലാണ് ഇരുവർക്കും മടങ്ങാനാവൂ. ബോയിങ്ങിന്റെ പുതിയ സ്റ്റാർലൈനർ കാപ്‌സ്യൂളിൽ തകരാറുകൾ സംഭവിച്ചതോടെയാണു സുനിതയും വിൽമോറും നിലയത്തിൽ കുടുങ്ങിയത്.


Source link

Related Articles

Back to top button