KERALAMLATEST NEWS

സിറപ്പിനു പകരം ഡ്രോപ്സ് നൽകി,​ കുഞ്ഞ് ഗുരുതരാവസ്ഥയിൽ,​ കുഴപ്പത്തിന് ഇടയാക്കിയത് മെഡിക്കൽ സ്റ്റോർ

മരുന്നു മാറി നൽകിയ സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും ഡ്രഗ്സ് കൺട്രോൾ വിജിലൻസ് വിഭാഗവും പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിൽ പരിശോധന നടത്തുന്നു

കണ്ണൂർ: എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ഡോക്ടർ നൽകിയ കുറിപ്പടിയിലെ മരുന്ന് മാറി നൽകിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായി. പനിയുമായി ബന്ധപ്പെട്ട് കുറിച്ച കാൽപോൾ സിറപ്പിനു പകരം മെഡിക്കൽ സ്റ്റോറിൽ നിന്നു നൽകിയത് കാൽപോൾ ഡ്രോപ്സ്. ഇത് ഉപയോഗിച്ച ബാലന്റെ കരൾ ഗുരുതരാവസ്ഥയിലായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് കുഞ്ഞിനെ.

കണ്ണൂർ പഴയങ്ങാടി വെങ്ങരയിലെ ഇ.പി.സമീറിന്റെയും ഹഫ്സത്തിന്റെയും മകനായ മുഹമ്മദാണ് മരുന്നുമാറലിന് ഇരയായത്. കരൾ മാറ്റിവയ്ക്കേണ്ടിവരുന്നതടക്കമുള്ള ചികിത്സയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ എട്ടിനാണ് പനിയെ തു‌ടർന്ന് കുഞ്ഞിനെ ഡോക്ടറെ കാണിച്ചത്. അഞ്ച് എം.എൽ കാൽപോൾ സിറപ്പ് രണ്ടുനേരം വച്ച് കൊടുക്കാനായിരുന്നു കുറിപ്പടി. പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽസിൽ നിന്നു നൽകിയത് അതേ കമ്പനിയുടെ ഡ്രോപ്സ്. അഞ്ച് എം.എൽ സിറപ്പിന് പകരം രക്ഷിതാക്കൾ കുട്ടിക്ക് അഞ്ച് എം.എൽ ഡ്രോപ്സ് നൽകിയതോടെ നാലു ദിവസത്തേക്ക് എഴുതിയ മരുന്ന് രണ്ടു നേരം കൊണ്ട് തീർന്നു. ഇതോടെ കുട്ടിയുടെ ആരോഗ്യനില വഷളായി. അടുത്ത ദിവസം ഡോക്ടറെ വീണ്ടും സമീപിച്ചപ്പോഴാണ് സിറപ്പിനു പകരം ഡ്രോപ്സാണ് മെഡിക്കൽ സ്റ്റോറിൽ നിന്നു നൽകിയതെന്ന് വ്യക്തമായത്.

പോയി കേസ് കൊട്

ഡോക്ടറും കുട്ടിയുടെ പിതാവും മെഡിക്കൽ സ്റ്റോറിൽ എത്തി വിവരംചോദിച്ചു. പോയി കേസ് കൊടുക്ക് എന്നായിരുന്നു ഷോപ്പുടമയുടെ പ്രതികരണം. കുട്ടിയുടെ പിതൃസഹോദരൻ ഇ.പി.അഷ്റഫ് പഴയങ്ങാടി പൊലീസിനു പരാതി നൽകി. കേസെടുത്ത പൊലീസ് ഖദീജ മെഡിക്കൽസിൽ പരിശോധന നടത്തി. ആരോഗ്യവകുപ്പും ഡ്രഗ്സ് കൺട്രോൾ വിജിലൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു.


Source link

Related Articles

Back to top button