KERALAMLATEST NEWS

ഉള്ളുരുകി പ്രാർത്ഥന, മനംനിറഞ്ഞ് പൊങ്കാല, ഭക്തലക്ഷങ്ങൾ നിരന്നു,​ തലസ്ഥാനം അമ്പലമുറ്റമായി

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ഭക്തലക്ഷങ്ങൾ സായൂജ്യം നേടി. ബുധനാഴ്ച രാവിലെ മുതൽ തലസ്ഥാനനഗരവും സമീപപ്രദേശങ്ങളും പൊങ്കാല ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു. ഇന്നലെ പുലർന്നതോടെ അനന്തപുരി അമ്പലമുറ്റമായി. സർവമംഗളകാരിണിയായ ദേവിയുടെ പാദങ്ങളിൽ കണ്ണീരും കിനാവും അർപ്പിച്ച ഭക്തവനിതകൾ പ്രതീക്ഷാനിർഭരമായ മനസോടെയാണ് വീടുകളിലേക്ക് മടങ്ങിയത്. ആറ്റുകാൽ ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ വരെ പൊങ്കാല അടുപ്പുകൾ നിരന്നു.

രാവിലെ 10.15ന് ശ്രീകോവിലിൽ നിന്നു ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്നു. മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി അത് ഏറ്റുവാങ്ങി. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിലാണ് ആദ്യം ആ തീ പകർന്നത്. 10.19ന് സഹമേൽശാന്തി ഈശ്വരൻ നമ്പൂതിരി ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെ വെടിക്കെട്ടുയർന്നു. വായ്ക്കുരവകളുടെ അകമ്പടിയോടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പ്രയാണം തുടങ്ങി. കഠിനവ്രതം നോറ്റെത്തിയ വനിതകൾ ആ പുണ്യ മുഹൂർത്തത്തിലേക്കു സ്വയം സമർപ്പിതരായി. 10.42ന് പണ്ടാര അടുപ്പ് തിളച്ചുതൂകി. 12 മണിയോടെ എല്ലായിടത്തും തെരളി, മണ്ടപ്പുറ്റ് തുടങ്ങിയ മറ്റു നൈവേദ്യങ്ങളും തയ്യാറായി. അപ്പോഴേക്കും അന്നദാനം തുടങ്ങി.

1.15ന് നിവേദ്യം. ഭക്തസാഗരത്തിലേക്ക് തീർത്ഥവുമായി 300 പൂജാരിമാർ. തീർത്ഥകണങ്ങൾ നൈവേദ്യത്തിലേക്ക് പകർന്നതോടെ സഫലമായ മനസ്സുമായി ഭക്തർ ആറ്റുകാലമ്മയെ വീണ്ടും നമസ്കരിച്ചു.
നിവേദ്യസമയത്ത് പുഷ്പവൃഷ്ടിയുമുണ്ടായിരുന്നു. ധാരാളം പേർ സ്വന്തം വീടുകളിലും പൊങ്കാലയിട്ടു.

സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരും വിദേശികളും പൊങ്കാലയുടെ പുണ്യം നുകരാനെത്തി. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തി. പ്രത്യേക ട്രെയിൻ സർവീസുകളും ഉണ്ടായിരുന്നു. രാവിലെ മുതൽ ബാലികമാർ താലപ്പൊലിയേന്തി ക്ഷേത്രത്തിലെത്തി. രാത്രി 7.45ന് കുത്തിയോട്ടം ആരംഭിച്ചു.

പൊങ്കാല മുഹൂർത്തം

ക്ഷേത്രത്തിനു മുൻഭാഗത്താണ് തോറ്റംപാട്ടുപുര. അവിടെ കണ്ണകീ ചരിതത്തിൽ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം പാടിയതോടെയാണ് പൊങ്കാലയുടെ മുഹൂർത്തമായത്. തന്റെ ഭർത്താവായ കോവലനെ ചെയ്യാത്ത മോഷണക്കുറ്റം ചുമത്തി വധിച്ച പാണ്ഡ്യരാജാവിനെ നിഗ്രഹിക്കാൻ അഗ്നിയായി ജ്വലിച്ച ദേവിയുടെ വിജയാഘോഷമായാണ് പൊങ്കാല സമർപ്പണത്തെ കാണുന്നത്.


Source link

Related Articles

Back to top button