ന്യൂഡൽഹി: ആഗോളതലത്തിൽ സർവകലാശാലകളുടെ മികവ് അളക്കുന്ന ക്യുഎസ് ആഗോള സർവകലാശാല റാങ്കിംഗിലെ ആദ്യ അന്‍പത് സ്ഥാനങ്ങളിൽ ഒന്‍പത് ഇന്ത്യൻ സർവകലാശാലകൾ ഇടംപിടിച്ചു. പഠനവിഷയത്തിന്റെ മികവ് മാനദണ്ഡമാക്കിയുള്ള കണക്കെടുപ്പിൽ മൂന്ന് ഐഐടികളുടെയും രണ്ട് ഐഐഎമ്മുകളുടെയും റാങ്കിംഗ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പിന്നോട്ടാവുകയും ചെയ്തു. ക്യുഎസ് റാങ്കിംഗിന്റെ പതിനഞ്ചാം പതിപ്പിൽ ധൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസിന് (ഐഎസ്എം) ഇരുപതാം സ്ഥാനം ലഭിച്ചു. എൻജിനിയറിംഗ്-മിനറൽ ആന്‍ഡ് മൈനിംഗ് പഠനസ്ഥാപനമായ ഐഎസ്എം പട്ടികയിൽ ഏറ്റവും ഉയർന്ന റാങ്കിംഗ് ലഭിച്ച ഇന്ത്യൻ സ്ഥാപനമാണ്. ഈ വിഷയത്തിൽ ബോംബെ ഐഐടി ഇരുപത്തിയെട്ടാം സ്ഥാനത്തും ഖരഗ്പുർ ഐഐടി നാൽപത്തിയഞ്ചാം സ്ഥാനത്തും എത്തി. രണ്ട് സ്ഥാപനങ്ങളുടെയും റാങ്കിംഗ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പിന്നോട്ടായി.
എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജി വിഭാഗത്തിൽ ഡൽഹി, ബോംബെ ഐഐടികൾ യഥാക്രമം 26, 28 റാങ്കിലെത്തി. നേരത്തേ ഇരുസ്ഥാപനങ്ങൾക്കും നാൽപ്പത്തിയഞ്ചാം റാങ്കായിരുന്നു. എൻജിനിയറിംഗ്-ഇലക്ട്രിക്കൽ-ഇലക്ട്രോണിക് വിഭാഗത്തിൽ ആദ്യത്തെ അന്‍പത് റാങ്കിംഗിനുള്ളിലും ഇവർ ഉണ്ട്. ബിസിനസ് ആൻഡ് മാനേജ്മെന്റ് പഠനത്തിൽ അഹമ്മദാബാദിലെയും ബംഗളൂരുവിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഎഎം) ആദ്യ അന്‍പത് സ്ഥാനങ്ങൾക്കുള്ളിലാണെങ്കിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് റാങ്കിംഗിൽ പിറകിലായി. ഐഐഎം അഹമ്മദബാദിന്റെ റാങ്കിംഗ് 22ൽ നിന്ന് 27 ലും ബംഗളൂരുവിന്റേത് 32ൽ നിന്ന് 40ലുമെത്തി. പെട്രോളിയം എൻജിനിയറിംഗ് പഠനത്തിൽ മദ്രാസ് ഐഐടിയും ഡെവലപ്മെന്റ് സ്റ്റഡീസിൽ ജെഎൻയുവും ആദ്യ അന്‍പതിൽ ഉൾപ്പെട്ടുവെങ്കിലും റാങ്കിംഗിൽ നിരാശപ്പെടുത്തി.
Source link