കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഹാരിസൺ മലയാളം ലിമിറ്റഡിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി ഇപ്പോൾ ഏറ്റെടുക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കൽപ്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറിലാണ് ആദ്യഘട്ടമായി മാതൃകാ ടൗൺഷിപ്പ് നിർമ്മിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വ്യക്തമാക്കി.
ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ അനുവദിച്ച സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ഹാരിസൺ ഫയൽ ചെയ്ത അപ്പീൽ പരിഗണിക്കവെയാണിത്. അപ്പീൽ ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ,ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിഷയം 21ന് പരിഗണിക്കാൻ മാറ്റി.
ഭൂമി ഏറ്റെടുക്കൽ
തടയില്ല
പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നത് തടയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പുനരധിവാസത്തിന് എതിരല്ലെന്ന് ഹാരിസണും അറിയിച്ചു. എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കൽ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമായിരിക്കണമെന്നും നഷ്ടപരിഹാരം മുൻകൂർ നൽകണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീകകത്തിനെതിരെ എൽസ്റ്റോണും അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും അത് ഇന്നലെ ബെഞ്ചിൽ എത്തിയില്ല. ഏറ്റെടുക്കുന്ന ഭൂമിയുടെ വില എസ്റ്റേറ്റ് ഉടമകൾക്ക് കൈമാറാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അഭിഭാഷകൻ ഫയൽ ചെയ്ത അപ്പീലും ഡിവിഷൻ ബെഞ്ചിലുണ്ട്.
Source link