വാക്സിനെടുത്ത നവജാതശിശു ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട: പ്രതിരോധ വാക്സിനെടുത്ത നവജാത ശിശു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോന്നി മങ്ങാരം ദിവ്യാഭവനിൽ ധന്യ ആർ. നായരുടെ മകൻ നാല് മാസം പ്രായമുള്ള വൈഭവ് ആണ് മരിച്ചത്. ബുധനാഴ്ച കോന്നി താലൂക്ക് ആശുപത്രിയിൽ കുട്ടിക്ക് പ്രതിരോധ വാക്സിൻ നൽകി വീട്ടിലെത്തിയ ശേഷം അസ്വസ്ഥതയുണ്ടായി. അടൂരിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ദ്ധചികിത്സയ്ക്ക് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും വഴിയാണ് മരണം.
പ്രതിരോധ വാക്സിനുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ വസ്തുതയില്ലെന്ന് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആറാമത്തെയും പത്താമത്തെയും ആഴ്ചയിൽ പ്രതിരോധ വാക്സിൻ നൽകിയിപ്പോൾ കുട്ടിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. ശരിയായ അളവിലാണ് കഴിഞ്ഞ ദിവസവും വാക്സിൻ നൽകിയത്. വീട്ടിൽ വച്ച് പാരാസെറ്റാമോൾ സിറപ്പ് നൽകിയ ശേഷം കുട്ടി ഛർദിക്കുകയും ക്ഷീണിതനാവുകയും ചെയ്തു. തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത്. പരാതിയില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം നടത്തി. അഭിലാഷാണ് പിതാവ്.
Source link