മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടും കാര്യമില്ല; ‘ഒയാസിസി’ൽ നിർണായകം റവന്യു വകുപ്പ്, പന്ത് വീണ്ടും സിപിഐ കോർട്ടിൽ

തിരുവനന്തപുരം∙ ഒയാസിസിന്റെ മദ്യനിര്‍മാണശാല എലപ്പുള്ളിയില്‍നിന്നു മാറ്റിക്കൂടേ എന്ന സിപിഐയുടെ ആവശ്യം മുഖ്യമന്ത്രി തള്ളിക്കളഞ്ഞെങ്കിലും ഒടുവില്‍ പദ്ധതിയുടെ ഭാവി സിപിഐയുടെ കോർട്ടില്‍. പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തിയാണ് മുഖ്യമന്ത്രി സിപിഐയുടെ ആവശ്യം തള്ളിക്കളഞ്ഞത്. സിപിഐയുടെ നിയന്ത്രണത്തിലുള്ള റവന്യൂ വകുപ്പിന്റെ തീരുമാനങ്ങളാണ് ഭൂവിഷയത്തില്‍ നിര്‍ണായകമാകുക.ഒയാസിസ് കമ്പനി അധികഭൂമി കൈവശം വയ്ക്കുന്നതു സംബന്ധിച്ചും ഭൂമി തരംമാറ്റുന്നതു സംബന്ധിച്ചുമുള്ള അപേക്ഷകള്‍ റവന്യൂ വകുപ്പിന്റെ പരിഗണനയിലാണ്. ഭൂമിതരംമാറ്റത്തിനുള്ള കമ്പനിയുടെ അപേക്ഷ ആര്‍ഡിഒ തള്ളിയിരുന്നു. കമ്പനിക്കെതിരെ മിച്ചഭൂമി കേസെടുക്കുന്നതിനെക്കുറിച്ചു പരിശോധിക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ നിയമസഭയില്‍ അറിയിച്ചതോടെയാണ് പുതിയ വിവാദത്തിനു തുടക്കമായത്. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു ഉത്തരവും ലഭിച്ചിട്ടില്ലെന്നാണ് താലൂക്ക് ലാന്‍ഡ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നിര്‍ദേശം കിട്ടുന്ന മുറയ്ക്ക് കമ്പനിയില്‍നിന്നു രേഖകള്‍ ആവശ്യപ്പെട്ടു പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും.ഭൂപരിഷ്‌കരണനിയമം അനുസരിച്ച് വ്യക്തികള്‍ക്കും കമ്പനികള്‍ക്കും പരമാവധി കൈവശം വയ്ക്കാവുന്നതു 15 ഏക്കറാണ്. ഒയാസിസ് കമ്പനി 23.93 ഏക്കര്‍ ഭൂമിയാണ് കൈവശംവയ്ക്കുന്നത്. സ്വകാര്യ സംരംഭകര്‍ നിശ്ചിത തുകയിലേറെ മുതല്‍മുടക്കുകയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്താല്‍ 15 ഏക്കറിലധികം കൈവശം വയ്ക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തിനു വിധേയമായി ഇളവു നല്‍കാന്‍ സര്‍ക്കാരിനു കഴിയും. എന്നാല്‍ റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് ഇതിനും അനിവാര്യമാണ്. ഇത്തരത്തില്‍ ഇളവ് വേണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്.
Source link