വിവാദ ജഡ്ജിക്ക് “ഹൈ’ പെൻഷൻ

മുംബൈ: പോക്സോ കേസുകളില്‍ വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച ജസ്റ്റീസ് പുഷ്പ ഗനേഡിവാലയ്ക്കു ഹൈക്കോടതി ജഡ്ജിക്കു തുല്യമായ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്നു ബോംബെ ഹൈക്കോടതി. വിവാദ ഉത്തരവുകളെത്തുടർന്ന് ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായിരുന്ന ഗനേഡിവാലയെ ജില്ലാ ജഡ്ജിയായി തരംതാഴ്ത്തിയിരുന്നു. ഇവർക്ക് ഹൈക്കോടതി ജഡ്ജിയുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഇവ നിഷേധിച്ചിരുന്നു. ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിരമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെ ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് വിധി. ചീഫ് ജസ്റ്റീസ് അലോക് ആരാധേയുടെയും ജസ്റ്റീസ് ഭാരതി ദാംഗ്രെയുടെയും ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. 2022 ഫെബ്രുവരി മുതൽ ഹൈക്കോടതി അഡീഷണൽ ജഡ്ജിക്ക് തുല്യമായ പെൻഷന് ഗെനേഡിവാലയ്ക്ക് അർഹതയുണ്ടെന്ന് കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രത്തിനു മുകളിലൂടെ പിടിച്ചാല്‍ പോക്സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം) പ്രകാരമുള്ള കുറ്റമാവില്ല എന്നായിരുന്നു ഗനേഡിവാലയുടെ വിവാദമായൊരു വിധി. പെൺകുട്ടിയുടെ കൈകളിൽ പിടിച്ചാലും പ്രതി പാന്റ്സിന്റെ സിപ് തുറന്നാലും പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്നും ഗനേഡിവാല വിധി എഴുതിയിരുന്നു.
Source link