കൂടൽമാണിക്യം: ബാലുവിനെ നിയമിച്ചത് കാരായ്മ ഒഴിവാക്കാതെ

കൊച്ചി: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ ഈഴവ സമുദായാംഗ ബി.എ. ബാലുവിനെ നിയമിച്ചത് പാരമ്പര്യാവകാശം (കാരായ്മ) നിലനിറുത്തിക്കൊണ്ട്. കഴകത്തിന് ഒരു തസ്തിക മാത്രമാണ് മുമ്പും ഇന്നും ഉള്ളത്. കൃഷ്ണപിഷാരം (5 മാസം), അറയ്ക്കൽ പിഷാരം (5 മാസം), തെക്കേവാര്യം (2 മാസം) വീതം മൂന്നു കുടുംബങ്ങൾക്കായിരുന്നു അവകാശം. ഇപ്പോൾ തെക്കേവാര്യം മാത്രമേ ചുമതലയിലുള്ളൂ. പത്ത് മാസത്തേക്ക് മറ്റൊരാളെ നേരിട്ട് നിയമിക്കാൻ 2003ൽ ചട്ടം പരിഷ്കരിച്ചിരുന്നു.
രണ്ടുമാസത്തെ കാരായ്മ നിലനിറുത്തിയാണ് ബാലുവിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം നൽകിയത്. ബാലു വന്നപ്പോൾ ജോലി നഷ്ടപ്പെട്ടത് ദിവസക്കൂലിക്ക് നാലര വർഷമായി ഉണ്ടായിരുന്ന കെ.വി. രാജേഷിനാണ്. അദ്ദേഹത്തിന് പാരമ്പര്യ അവകാശമില്ല. 12 കുടുംബങ്ങൾക്ക് പാരമ്പര്യ അവകാശമുണ്ടെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണ്. മേൽശാന്തി ഉൾപ്പെടെ നാല് തസ്തികകൾക്ക് മാത്രമാണിത് ബാധകം.
പുതുതലമുറയിൽപ്പെട്ടവർ മറ്റു ജോലികൾക്കും വിദേശത്തും മറ്റും പോയതിനാലും പ്രതിഫലം നാമമാത്രമായതിനാലും മൂന്നു കുടുംബങ്ങളും വരാതായി. തുടർന്ന് 1984ൽ കഴകത്തിന് രാമചന്ദ്രൻ നമ്പീശനെ നിയമിച്ചു. 2020ൽ നമ്പീശൻ വിരമിച്ച ശേഷം ദിവസക്കൂലിക്കാരനെ
നിയോഗിച്ചു. വടക്കേവാര്യത്തെ ഹരിവാര്യർക്ക് ഇടവം, മകരം മാസങ്ങളിൽ ചുമതലയുണ്ടായിരുന്നു. സർക്കാർ സർവീസിലായിരുന്ന ഇദ്ദേഹം ഇടയ്‌ക്ക് വിദേശത്തും ജോലി ചെയ്തിട്ടുണ്ട്. 16000 രൂപയാണ് ശമ്പളം. പത്ത് മാസം 2000 രൂപ അലവൻസും ലഭിക്കും.
ബാലുവിന്റെ നിയമനത്തെ ചോദ്യം ചെയ്ത് ഹരിവാര്യർ ഹൈക്കോടതിയിൽ സമർപ്പിച്ച ആദ്യഹർജി പിൻവലിച്ച ശേഷം മാർച്ച് ഒന്നിന് പുതിയ ഹർജി സമർപ്പിച്ചിട്ടുണ്ട്. നിയമനം റദ്ദാക്കണമെന്നും തന്റെ കാരായ്മ 12 മാസമാക്കണമെന്നുമാണ് ആവശ്യം..കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
ആൾമാറാട്ടവും
കൂടൽമാണിക്യം ക്ഷേത്രജീവനക്കാരിൽ ആൾമാറാട്ടക്കാരും തരികിടകളുമുണ്ട്. തൃക്കോൽ മൂസത്, സംബന്ധി മാരാർ എന്നീ കാരായ്മ തസ്തികകളിൽ ശമ്പളം വാങ്ങുന്നവരല്ല സേവനം ചെയ്യുന്നത്. ഹാജർ ഉൾപ്പെടെ കൃത്യമായ രേഖപ്പെടുത്തലുകളൊന്നുമില്ല. മാനേജരായി വിരമിച്ചയാളാണ് അനധികൃത മാലകെട്ടുകാരനായി ക്ഷേത്രം നിയന്ത്രിക്കുന്നത്. വഴിപാടുകൾ ഇവരെല്ലാം ചേർന്ന് പണം വാങ്ങി ചെയ്തുകൊടുക്കും. കൗണ്ടറിൽ രസീതെഴുതിയ ഭക്തനെ ആരും ഗൗനിക്കില്ല. നടയ്‌ക്കൽ രസീത് വച്ചാൽ ചെയ്തെങ്കിലായി.
Source link